ജസ്റ്റിസ് യു യു ലളിത്
ജസ്റ്റിസ് യു യു ലളിത്

'അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്, പക്ഷെ...': ജസ്റ്റിസ് യു.യു ലളിത്

പ്രധാന അഭിഭാഷകന്‍ അല്ലാത്തതിനാല്‍ അപ്രസക്തമായ കാര്യമാണെന്ന് വിശദീകരണം
Updated on
1 min read

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ അല്ലാത്തതിനാല്‍ അത് അപ്രസക്തമായ കാര്യമാണെന്നും ലളിത് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാം ജഠ്‍മലാനി ആയിരുന്നു പ്രധാന അഭിഭാഷകന്‍.

ബിജെപി അധികാരത്തില്‍ വരുന്നതിന് മുന്‍പാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ സമീപിക്കുന്നത്. പക്ഷെ, പ്രധാന അഭിഭാഷകനായിരുന്നില്ല. ഷായുടെ കൂട്ടുപ്രതികള്‍ക്ക് വേണ്ടിയാണ് ഹാജരായത്. അത് പ്രധാന കേസിലല്ല, അതുമായി ബന്ധപ്പെട്ട ഉപകേസിലാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ മുന്‍പ് വിശദീകരണം നല്‍കിയതാണെന്നും ലളിത് പറഞ്ഞു.

2014 ഓഗസ്റ്റിൽ ജഡ്ജിയാകുന്നതിന് മുൻപ്, വിവാദമായ നിരവധി കേസുകളിൽ യു യു ലളിത് അഭിഭാഷകനായിരുന്നു. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളിയായ തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവച്ചതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആരോപണമുയർന്നിരുന്നു. കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു യു യു ലളിത്.

2014ല്‍ ബിജെപി അധികാരത്തിലെത്തി ശേഷമാണ് യു യു ലളിതിനെ ജഡ്ജിയായി നിയമിച്ചത്. മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശുപാർശ പുനഃപരിശോധനയ്ക്ക് തിരിച്ചയച്ച കേന്ദ്ര സർക്കാർ പകരം ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുകയും ചെയ്തു. ഇത് ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജസ്റ്റിസ് ആർഎഫ് നരിമാന് ശേഷം രണ്ട് പതിറ്റാണ്ടിനിടെ അഭിഭാഷകവൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ലളിത്

logo
The Fourth
www.thefourthnews.in