'2423 കോണ്ടം വിറ്റു, ഇന്ന് രാത്രി 22-ലധികം കളിക്കാര്‍ കളിക്കുന്നുണ്ട്'; ഐപിഎൽ ഫൈനൽ ദിനത്തിലെ സ്വിഗി ട്വീറ്റ് വൈറൽ
അവിസ്മരണീയമായ മത്സരത്തിനായിരുന്നു കഴിഞ്ഞ ദിവസം അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏറെ കാത്തിരുന്ന ഐപിഎൽ 2023 ഫൈനലിൽ ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്തും തമ്മിലുള്ള പോരാട്ടത്തിന് മഴ തടസം സൃഷ്ടിച്ചെങ്കിലും അവസാന നിമിഷം വരെ ആരാധകർ ആവേശത്തിലായിരുന്നു. സ്റ്റേഡിയത്തിനും ടെലിവിഷനും പുറമെ സമൂഹ്യ മാധ്യമങ്ങളിലും ആ ആവേശം അലയടിച്ചു. ധോണിയുടെ ഫാസ്റ്റ് സ്റ്റമ്പിങ് കഴിവിനെയും സായ് സുദർശന്റെ അസാമാന്യ പ്രകടനത്തെയും പ്രശംസിച്ച് ട്വിറ്ററിലടക്കം രസകരമായ പോസ്റ്റുകളാൽ നിറഞ്ഞു. അതിനിടയിൽ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ ട്വീറ്റ് ആളുകളെ ഏറെ രസിപ്പിച്ചു.
മത്സരത്തെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ സംസാരിക്കുന്നതിനുപകരം, ഇൻസ്റ്റന്റ് ഡെലിവറി ആപ്പായ ഇൻസ്റ്റാമാർട്ടുമായി ബന്ധപ്പെട്ട തികച്ചും അസാധാരണവും രസകരവുമായ സ്ഥിതി വിവരക്കണക്കുകളാണ് സ്വിഗ്ഗി പങ്കുവച്ചത്. മഴമുടക്കിയ ഇടവേളകൾ ആനന്ദകരമാക്കാനെത്തിയ സ്വിഗ്ഗിയുടെ ട്വീറ്റുകൾ ക്രിക്കറ്റ് ആരാധകർ ആവേശപൂർവം ഏറ്റെടുത്തു. ''@SwiggyInstamart വഴി ഇതുവരെ 2423 കോണ്ടം ഡെലിവർ ചെയ്തു. ഇന്ന് രാത്രി 22-ലധികം കളിക്കാർ കളിക്കുന്നുണ്ടെന്ന് തോന്നുന്നു''-എന്നായിരുന്നു ഒരു ട്വീറ്റ്. കോണ്ടം ഉത്പാദനകരായ ഡ്യുറെക്സ് ഇന്ത്യയെയും ട്വീറ്റിൽ സ്വിഗ്ഗി ടാഗ് ചെയ്തിരുന്നു.
സ്വിഗ്ഗിയുടെ വിപണന തന്ത്രം ഫലിച്ചു. ട്വീറ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളും കമന്റുകളും നിറഞ്ഞു. ''ഇതാണ് സ്വിഗ്ഗിയുടെ യഥാർഥ ലെവൽ”-ഒരു ട്വിറ്റർ ഉപയോക്താവ് തംബ്‌സ് അപ്പ് ഇമോജിയോടൊപ്പം പോസ്റ്റ് ചെയ്തു. ''സിംഗിളായവർ ഈ കണക്ക് കണ്ട് മൂലയിൽ മാറി ഇരുന്ന് കരയുകയായിരിക്കും'' എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. വൈകീട്ട് ഏഴരയ്ക്ക് മത്സരം തുടങ്ങി ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞായിരുന്നു സ്വിഗ്ഗിയുടെ ട്വീറ്റ്. എന്നാൽ സ്വിഗ്ഗിയുടെ കച്ചവട തന്ത്രത്തെ വിമര്‍ശിച്ചും വിപണി കീഴടക്കുന്ന തന്ത്രത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
കോണ്ടം മാത്രമല്ല ബിരിയാണി പ്രിയരുടെ എണ്ണത്തിലും ഇത്തവണ കുറവൊന്നും ഇല്ലെന്നാണ് സ്വിഗ്ഗിയുടെ കണക്ക്. മിനിറ്റില്‍ 212 എന്ന കണക്കില്‍ ഈ സീസണില്‍ 12 ദശലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചതായി സ്വിഗ്ഗി ട്വീറ്റ് ചെയ്തു. കൂടാതെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് ചെന്നൈയിൽ 3,641 യൂണിറ്റ് ദഹിയും (തൈര്) 720 യൂണിറ്റ് ഷക്കറും (പഞ്ചസാര) ഓർഡർ ചെയ്തതായി സ്വിഗ്ഗി പങ്കുവെച്ചു.
അതിനിടെ, മഴയ്ക്കിടെ പിച്ച് ഉണക്കുന്നതിനായി സാധനങ്ങളുമായി എത്തുന്നുവെന്നും സ്വിഗ്ഗി ട്രോളായി ട്വീറ്റ് ചെയ്തു. സ്വിഗ്ഗിയില്‍ നിന്ന് മോപ്പടക്കമുള്ള സാധനങ്ങള്‍ കാര്‍ട്ടിലാക്കിയ ചിത്രത്തോടെയാണ് ട്വീറ്റ് പങ്കുവച്ചരിക്കുന്നത്.
ഇതാദ്യമായല്ല ഐപിഎല്‍ സീസണില്‍ ഇത്തരത്തില്‍ തന്ത്രപരമായ ട്വീറ്റുകളുമായി സ്വിഗ്ഗി എത്തുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തോല്‍വിയെത്തുടര്‍ന്ന്, ലക്‌നൗ പേസറായ നവീന്‍-ഉള്‍-ഹഖിനെ പരിഹസിക്കാനുള്ള അവസരവും സ്വിഗ്ഗി ഉപയോഗിച്ചു.'ബാംഗ്ലൂരില്‍ നിന്നുള്ള ഒരാള്‍ 10 കിലോ മാമ്പഴത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്' എന്നായിരുന്നു ട്വീറ്റ്. 2023 പുതുവർഷത്തലേന്ന് രാജ്യത്തുടനീളം 3.50 ലക്ഷം ബിരിയാണി വിതരണം ചെയ്തതായി സ്വിഗ്ഗി ട്വീറ്റ് ചെയ്തിരുന്നു.