അശാന്തമായി മണിപ്പൂര്‍: ഇംഫാലിൽ സൈനികന് വെടിയേറ്റു, വീടുകള്‍ക്ക് തീയിട്ടു
സമാധാനം പുലരാത്ത മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നു. ഇംഫാലിൽ സൈനികര്‍ക്ക് നേരെ ആക്രമണം ശക്തമാക്കി കലാപകാരികള്‍. കുക്കി സായുധ ഗ്രൂപ്പ് കാന്റോ സബലിലെ വീടുകള്‍ക്ക് തീയിടുകയും ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ശക്തമായത്.
സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു സൈനികന് വെടിയേറ്റു. പരുക്കേറ്റ സൈനികനെ ലീമാഖോങ്ങിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. കാന്റോ സബലിലെ അഞ്ച് വീടുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു.
കഴിഞ്ഞ 45 ദിവസമായി മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ദിനംപ്രതി കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. കലാപം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്‍പായി വിഷയം ചര്‍ച്ച ചെയ്യാനാണ് ബിരേന്‍ സിങിന്റെ നീക്കം. അതിനിടെ വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുഃനസ്ഥാപിക്കണമെന്നുവാശ്യപ്പെട്ട് ആര്‍എസ്എസും രംഗത്ത് എത്തിയിരുന്നു.