'ഇന്ത്യയെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ ഉടൻ'; അദാനിക്കെതിരായ റിപ്പോർട്ടിനുശേഷം അടുത്ത പ്രഖ്യാപനവുമായി ഹിൻഡൻബർഗ്
ഇന്ത്യയെ സംബന്ധിച്ച വലിയ വിവരം പുറത്തുവിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച്. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രഖ്യാപനം നടത്തിത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെ വിമർശിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിടുന്നത്.
അദാനി എന്റർപ്രൈസസിന്റെ ഓഹരി വില്‍ക്കാനിരിക്കെയായിരുന്നു ഹിൻഡൻബർഗിന്റെ നീക്കം. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ അന്ന് 86 മില്യണ്‍ അമേരിക്കൻ ഡോളറിന്റെ ഇടിവായിരുന്നു സംഭവിച്ചത്.
അദാനി-ഹിൻഡൻബർഗ് വിഷയത്തില്‍ പുതിയ ഡെവലപ്മെന്റുകള്‍ സംഭവിക്കുന്നതായി ദ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വെളിപ്പെടുത്തിയിരുന്നു. ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് ന്യൂയോർക്ക് ഹെഡ്‌ജ് ഫണ്ട് മാനേജർ മാർക്ക് കിങ്ഡത്തിന് കൈമാറിയതായാണ് സെബി പറയുന്നത്. ഇത് റിപ്പോർട്ട് പുറത്തുവിടുന്നതിന് രണ്ട് മാസം മുൻപായിരുന്നു.
2021 മേയിൽ ഹിൻഡൻബർഗും കിങ്‌ഡണ്‍ ക്യാപിറ്റല്‍ മാനേജ്മെന്റും തമ്മില്‍ ഗവേഷണ കരാറില്‍ ഏർപ്പെട്ടിരുന്നതായാണ് 46 പേജടങ്ങുന്ന കാരണം കാണിക്കല്‍ നോട്ടിസില്‍ സെബി വ്യക്തമാക്കുന്നത്. 2023 ജനുവരിയില്‍ പുറത്തുവിട്ട അന്തിമ റിപ്പോർട്ടിന് സമാനമായ കരട് കൈമാറുന്നതിനും കരാർ കാരണമായെന്നും പറയുന്നു. അദാനി ഗ്രൂപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി നടത്തുന്നതായാണ് ഹിൻഡൻബർഗ് ആരോപിച്ചത്.