മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി; 
കർണാടകയില്‍ ബിജെപി എംഎല്‍എ രാജിവച്ചു

മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി; കർണാടകയില്‍ ബിജെപി എംഎല്‍എ രാജിവച്ചു

അറസ്റ്റിലായത് പ്രശാന്ത് കുമാര്‍ ഐഎഎസ്; വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 6 കോടി
Updated on
1 min read

കൈക്കൂലി വാങ്ങുന്നതിനിടെ കര്‍ണാടക ബിജെപി എം എല്‍ എയുടെ മകന്‍ അറസ്റ്റില്‍. കര്‍ണാടക ലോകായുക്തക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദാവങ്കരയിലെ ചെന്ന ഗിരി മണ്ഡലത്തിലെ പ്രതിനിധി എം വിരുപക്ഷയുടെ മകന്‍ പ്രശാന്ത് കുമാര്‍ ഐഎഎസ് അറസ്റ്റിലായത്. ബെംഗളൂരു കോര്‍പറേഷനില്‍ ജലവിഭവ വകുപ്പില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ് പ്രശാന്ത് കുമാര്‍. 40 ലക്ഷം രൂപ ഒരു കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. മൈസൂര്‍ സാന്‍ഡല്‍ സോപ് നിര്‍മിക്കുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജൻ്റ്സിൻ്റെ എംഡി ആണ് എംഎല്‍എ വീരുപക്ഷെ. സോപ്പും ഡിറ്റര്‍ജെന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കാനുള്ള കരാര്‍ ലഭിക്കുന്നതിന് എംഎല്‍എയുടെ മകന്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കരാറുകാരന്‍ നല്‍കിയ കേസ്.

പ്രശാന്ത് കുമാറിന്റെ വീട്ടിലും ഓഫിസിലുമായി നടത്തിയ പരിശോധനയില്‍ കൈക്കൂലി തുക ലോകായുക്ത കണ്ടെടുത്തു . 500 രൂപയുടെ കറന്‍സികളാക്കി നിരവധി കെട്ടുകളായായിരുന്നു പ്രശാന്ത് പണം സൂക്ഷിച്ചിരുന്നത്. അനധികൃതമായി കൈവശം വെച്ചിരുന്ന 6 കോടി രൂപയും പ്രശാന്തില്‍ നിന്ന് കണ്ടെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതെസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കർണാടക സോപ്‍സ് ആൻഡ്‌ ഡിറ്റർജെന്റ്സ് ലിമിറ്റഡ് ചെയർ‍മാൻ സ്ഥാനത്ത് നിന്ന് എം എൽ എ വിരൂപാക്ഷപ്പ രാജിവച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരമാണ് രാജി . എംഎൽഎ കൈക്കൂലി ആവശ്യപ്പെടുകയും മകൻ വഴി കൈക്കൂലി നൽകണമെന്നു പറയുകയും ചെയ്തതായാണ് കരാറുകാരന്റെ പരാതി .

സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ലഭിക്കാന്‍ കര്‍ണാടകയിലെ മന്ത്രിമാര്‍ക്ക് നാല്‍പത് ശതമാനം തുക കമ്മീഷന്‍ നല്‍കേണ്ട സാഹചര്യമാണെന്ന ആരോപണം നില നില്‍ക്കെയാണ് പുതിയ കൈക്കൂലി കേസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ പൊതുമരാമത്ത് മന്ത്രി കെ എസ് ഈശ്വരപ്പ തുടങ്ങിയവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കരാറുകാരുടെ സംഘടന ഈ കമ്മീഷന്‍ വ്യവസ്ഥയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നതോടെയായിരുന്നു കൈക്കൂലി കഥകള്‍ പുറംലോകം അറിഞ്ഞത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ കോണ്‍ഗ്രസ് 'പേ സി എം' എന്ന അഴിമതി വിരുദ്ധ പ്രചാരണവും ആരംഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in