‘സവർക്കറിന്റെ കാര്യം സ്പീക്കർ തീരുമാനിക്കും'; നിലപാട്  അറിയിച്ചിട്ടുണ്ടെന്നു സിദ്ധരാമയ്യ

‘സവർക്കറിന്റെ കാര്യം സ്പീക്കർ തീരുമാനിക്കും'; നിലപാട്  അറിയിച്ചിട്ടുണ്ടെന്നു സിദ്ധരാമയ്യ

കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തായിരുന്നു സവർക്കർ ചിത്രം അനാച്ഛാദനം  ചെയ്തത് 
Updated on
2 min read

കർണാടക  നിയമസഭാ ഹാളില്‍നിന്ന് ഹിന്ദുത്വവാദി വി ഡി  സവർക്കറിന്റെ ചിത്രം നീക്കുന്ന കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുമെന്ന്  മുഖ്യമന്ത്രി  സിദ്ധരാമയ്യ.  ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാട്  സ്പീക്കർ യു ടി ഖാദറിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും  സിദ്ധരാമയ്യ പ്രതികരിച്ചു.  സാമൂഹ്യ പരിഷ്കർത്താക്കളുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ വേണമെന്നതാണ്  പാർട്ടി നിലപാട്  എന്നും കർണാടക മുഖ്യമന്ത്രി വിശദീകരിച്ചു.  

കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവർണ വിധാൻ സൗധ.
കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവർണ വിധാൻ സൗധ.

കഴിഞ്ഞ ബിജെപി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളന കാലത്തായിരുന്നു   ബെലഗാവിയിലെ സുവർണ വിധാൻ സൗധയുടെ  ചുവരിൽ  സവർക്കറിന്റെ പൂർണകായ ചിത്രം തൂക്കിയത്.  സ്വാമി വിവേകാനന്ദ, സർദാർ വല്ലഭായ് പട്ടേൽ,  ബി ആർ അംബേദ്കർ,  മഹാത്മാ ഗാന്ധി,  ബസവേശ്വര,  സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം  നിയമസഭ അംഗങ്ങൾക്ക് അഭിമുഖമായാണ് വി ഡി സവർക്കറിന്റെ  ചിത്രവും  ഇടം പിടിച്ചത്.  

ഇതിനെതിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ്  നിയമസഭക്ക് അകത്തുംപുറത്തും പ്രതിഷേധിച്ചിരുന്നു.  സവർക്കർക്ക്  പകരം  പ്രഥമ പ്രധാനമന്ത്രി  ജവഹർലാൽ നെഹ്‌റുവിന്റെയോ   സാമൂഹ്യ പരിഷ്കർത്താവ്  ശ്രീ നാരായണ ഗുരുവിന്റെയോ ചിത്രംവെക്കണമെന്നായിരുന്നു   കോൺഗ്രസിന്റെ  ആവശ്യം. നിയമസഭയുടെ  ചുവരിൽ പ്രതിഷ്ഠിക്കാൻ  മാത്രം. സവർക്കറിനു  എന്ത്. മഹത്വമാണുള്ളതെന്നു  ബിജെപി വ്യക്തമാക്കണമെന്നായിരുന്നു  ഡി കെ ശിവകുമാർ ആവശ്യപ്പെട്ടത് .  കോൺഗ്രസിന്റെ  പ്രതിഷേധത്തിനു  ബിജെപി സർക്കാർ അന്ന് വില കല്പിച്ചില്ലെന്ന്  മാത്രമല്ല സവർക്കർ  വിരോധം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കുകയും  ചെയ്തു.

വിധാന്‍ സൗധയുടെ നടുത്തളം
വിധാന്‍ സൗധയുടെ നടുത്തളം

കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ നിയമസഭാ മന്ദിരത്തിലാണ്  സവർക്കർ ചിത്രമുള്ളത് .  വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവിടെ സമ്മേളനം നടക്കുക .  ഇത്തവണത്തെ ശൈത്യകാല സമ്മേളനം  തിങ്കളാഴ്ച  ആരംഭിച്ചു .  സമ്മേളനം തുടങ്ങും മുൻപ്  ചിത്രം നീക്കം ചെയ്യുമെന്ന  അഭ്യൂഹം  ഉണ്ടായിരുന്നു .  എന്നാൽ ചിത്രം നീക്കം ചെയ്‌താൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന നിലപാടിലാണ്  കർണാടക ബിജെപി.  ഈ വിഷയത്തിൽ സ്പീക്കറുടെ നിലപാട് ആണ് ഇനി ഏവരും ഉറ്റു നോക്കുന്നത്. 

logo
The Fourth
www.thefourthnews.in