ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

ക്യാമ്പസിലെ ദളിത് വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു
Updated on
1 min read

ബോംബെ ഐഐടിയിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ജോയിന്റ് പോലീസ് കമ്മീഷണർ ലഖ്‍മി ഗൗതമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കോളേജിലെ ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന ദർശൻ സോളങ്കി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

ക്യാമ്പസിലെ ദളിത് വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഗുജറാത്ത് കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി പ്രത്യേക അന്വേഷണ കമ്മീഷൻ രുപീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
ബോംബെ ഐഐടിയിൽ ദളിത് വിദ്യാർഥി മരിച്ച നിലയിൽ , ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ; ജാതി വിവേചനം മൂലമെന്ന് ആരോപണം

ദർശൻ സോളങ്കിയുടെ മരണത്തിൽ ഫെബ്രുവരി 24ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദർശന്റെ മാതാപിതാക്കൾ, കോളേജ് അധികൃതർ, സാക്ഷികളായ മറ്റ് വിദ്യാർഥികൾ എന്നിവരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ജാതി വിവേചനം അടക്കമുള്ള കാര്യങ്ങളിലും സംഘം വിശദമായ അന്വേഷണം നടത്തും. ദർശൻ സോളങ്കിയുടെ മരണത്തിന് പിന്നാലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഫെബ്രുവരി 12നാണ് അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കിയെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ ദളിത് വിദ്യാർഥികളോടുള്ള പീഡനമാണെന്ന് അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ ആരോപിച്ചിരുന്നു. സഹ വിദ്യാർഥികളുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് ദർശൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. സഹവിദ്യാർഥികളിൽ നിന്ന് വലിയ വിവേചനം നേരിടുന്നുണ്ടെന്നും താൻ പട്ടിക വർഗക്കാരനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് അവഹേളനം ആരംഭിച്ചതെന്നും അവസാനം വീട്ടിൽ വന്നപ്പോൾ ദർശൻ പറഞ്ഞിരുന്നതായി സഹോദരി ജാൻവി സോളങ്കി പറഞ്ഞു. ജാതി തിരിച്ചറിഞ്ഞതോടെ ചില വിദ്യാർഥികൾ സംസാരിക്കുന്നതും ഒരുമിച്ചുള്ള സഞ്ചാരവും വരെ നിർത്തിയിരുന്നു. അതിനാൽ ദർശൻ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ ഐഐടി അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചു.

പോലീസ് അന്വേഷണത്തിന് സമാന്തരമായി കോളേജിൽ അന്വേഷണം നടത്താൻ പ്രൊഫ. നന്ദ് കിഷോറിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു. ദർശൻ സോളാങ്കിയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾ ജീവനെടുക്കാൻ നിർബന്ധിതരാകുന്ന തരത്തിൽ നമ്മുടെ സ്ഥാപനങ്ങൾക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് അദ്ദേഹം ചോദിച്ചു.

logo
The Fourth
www.thefourthnews.in