എൻസിപിയെ പിളർത്താൻ ബിജെപി? വാർത്ത നിഷേധിച്ച് അജിത്ത് പവാറും ശരദ് പവാറും

എൻസിപിയെ പിളർത്താൻ ബിജെപി? വാർത്ത നിഷേധിച്ച് അജിത്ത് പവാറും ശരദ് പവാറും

പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസിനൊപ്പം നിലകൊള്ളുമെന്ന് ശരദ് പവാർ വ്യക്തമാക്കുമ്പോഴാണ് അജിത്ത് പവാറിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളെ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്
Updated on
2 min read

മഹാരാഷ്ട്രാ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. എന്‍സിപിയില്‍ നിന്ന് അജിത്ത് പവാറിന്‌റെ നേതൃത്വത്തില്‍ ഒരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അജിത്ത് പവാര്‍ ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടെന്നും ചര്‍ച്ചകള്‍ നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ചര്‍ച്ച നടന്നിട്ടില്ലെന്നാണ് അജിത്ത് പവാറിന്‌റെ വിശദീകരണം. പാര്‍ട്ടി ഒറ്റക്കെട്ടെന്ന് ശരദ് യാദവും പ്രതികരിച്ചു.

ബിജെപി നടത്തിയ ആഭ്യന്തര സര്‍വെ, 48ല്‍ 33 സീറ്റും പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇത് ബിജെപിക്ക് തലവേദനയാകുന്നു.

എന്തുകൊണ്ട് അജിത്ത് പവാർ?

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന. ശിവസേനയിലെ താക്കറെ പക്ഷവും ഷിന്‍ഡേ പക്ഷവും തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി ശ്രമം. ഷിന്‍ഡെ പക്ഷത്തെ 16 എംഎല്‍എമാര്‍, വിമത നീക്കത്തിന് അയോഗ്യരാക്കപ്പെട്ടേക്കും എന്ന സാധ്യത ബിജെപി മുന്നില്‍ കാണുന്നുണ്ട്. പാര്‍ട്ടി ചിഹ്നവും പേരും ഔദ്യോഗികമായി നഷ്ടമായെങ്കിലും ഉദ്ധവ് താക്കറേയ്ക്ക് ജനപ്രീതിയേറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നടത്തിയ ആഭ്യന്തര സര്‍വെ, 48ല്‍ 33 സീറ്റും പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇത് ബിജെപിക്ക് തലവേദനയാകുന്നു.

'അരോപണം അടിസ്ഥാന രഹിതം'

ശനിയാഴ്ച മുംബൈയിലെത്തിയ അമിത് ഷാ യെ അജിത്ത് പവാര്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം അജിത്ത് പവാര്‍ നിഷേധിക്കുന്നു. ''വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.'' അജിത്ത് പവാര്‍ ഞായറാഴ്ച നാഗ്പൂരില്‍ പറഞ്ഞു. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്‌റെ പിറകേ ഉണ്ടാല്ലോ. അവരുടെ കണ്ണ് വെട്ടിച്ച് താന്‍ എങ്ങനെ ഷായെ കാണാനാണ്.-അജിത്ത് പവാര്‍ ചോദിച്ചു.

2019 ലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം
2019 ലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം

2019 ആവർത്തിക്കുമോ?

2019 ല്‍ ഏവരെയും അമ്പരിച്ച് ബിജെപിക്ക് ഒപ്പം ചേരാന്‍ തീരുമാനിച്ച നേതാവാണ് അജിത്ത് പവാര്‍. ബിജെപി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അന്ന് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും, സര്‍ക്കാരിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഈ ചരിത്രമാണ് അജിത്ത് പവാറിനെ സംശയ മുനയില്‍ നിര്‍ത്തുന്നതിനുള്ള പ്രധാന കാരണം. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിലെ നേതാക്കള്‍ സമീപകാലത്ത് അജിത്ത് പവാറിനെ പുകഴ്ത്തി രംഗത്തെത്തിയതോടെ, പ്രതിപക്ഷം അങ്കലാപ്പിലായി. അജിത്ത് പവാര്‍ അസ്വസ്ഥനെന്നും എന്തും സംഭവിക്കാമെന്നാണ് സ്ഥിതിയെന്നുമാണ് ഷിന്‍ഡെ വിഭാഗം എംഎല്‍എ ദാദാ ഭുസെ പറഞ്ഞത്. മന്ത്രിയായ ഗുല്‍ഭറാവോ പാട്ടീല്‍, എംഎല്‍എ ഉയദ് സാമന്ത് എന്നിവരും സമാനമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.

ചർച്ച ഡൽഹിയിൽ?

എന്‍സിപി ബിജെപിയുമായി ഒരു കാലത്തും കൈകോര്‍ക്കില്ലെന്ന ഉറപ്പ് ശരദ് പവാര്‍, ഉദ്ധവ് താക്കറെയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സഞ്ജയ റാവത്ത് വിശദീകരിക്കുന്നത്. ശനിയാഴ്ച അമിത് ഷായെ കണ്ടില്ലെന്ന് അജിത്ത് പവാര്‍ വിശദീകരിക്കുമ്പോഴും ഏപ്രില്‍ എട്ടിന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലെത്തിയ പവാറിനൊപ്പം പ്രഫുല്‍ പട്ടേലും തത്ക്കറെയും ഉണ്ടായിരുന്നെന്നുമാണ് സൂചന. പ്രഫുല്‍ പട്ടേലാണ് ബിജെപി പക്ഷത്തേക്കുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ശരദ് പവാര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടപ്പോള്‍ പട്ടേല്‍ കൂടെയില്ലാഞ്ഞത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 35 മുതല്‍ 40 എംഎല്‍എമാരുടെ പന്തുണ അജിത്ത് പവാറിനുണ്ടെന്നാണ് സൂചന. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഉണ്ടാകുന്നത് ഒഴിവാകാന്‍ സഹായിക്കുന്നത്ര ഉയര്‍ന്ന സംഖ്യയാണ് ഇത്. അതേസമയം 2019 ലെ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ ശരദ് പവാറിന്‌റെ അനുമതി മുന്‍കൂര്‍ തേടണമെന്ന അഭിപ്രായക്കാരാണ് അജിത്ത് പവാര്‍ പക്ഷത്തെ പലരും.

logo
The Fourth
www.thefourthnews.in