ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല;എസ് എസ് എല്‍ വി യുടെ ആദ്യ വിക്ഷേപണം പരാജയം

ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല;എസ് എസ് എല്‍ വി യുടെ ആദ്യ വിക്ഷേപണം പരാജയം

ഉപഗ്രഹങ്ങളെ മുൻ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനായില്ല
Updated on
1 min read

ഇന്ത്യയുടെ അഭിമാന പദ്ധതിയായ എസ് എസ് എല്‍ വി ( സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) യുടെ ആദ്യ വിക്ഷേപണം പരാജയം. ഉപഗ്രഹങ്ങളെ മുൻ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനാവാഞ്ഞതോടെ ആശയവിനിമയം അസാധ്യമായി. സാധ്യതകൾ പരിശോധിച്ച ശേഷമാണ് ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാവില്ലെന്ന് ഐഎസ്ആർഒ സ്ഥീരീകരിച്ചത്.

രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായെന്നും രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചെന്നും എന്നാൽ പ്രതീക്ഷിച്ച ഭ്രമണപഥത്തിൽ നിക്ഷേപിക്കാനായില്ലെന്നുമാണ് ഐഎസ്ആർഒയുടെ വിശദീകരണം. 356 കിമീ ആരമുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ 365 കിമീ *76 കിമീ വലിപ്പമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. പരാജയത്തിന്റെ കാരണം കണ്ടെത്തിയെന്നും എ എസ് എൽ വി ഡി 2 വുമായി ഉടനെത്തുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

സെൻസർ തകരാറ് തിരിച്ചറിയാൻ വൈകിയത് മൂലം രക്ഷാ പ്രവർത്തനം നടത്താനാകാഞ്ഞതാണ് പരാജയ കാരണമെന്ന് ഐഎസ്ആർഒ

10 മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ള മിനി, മൈക്രോ, നാനോ വിഭാഗങ്ങളില്‍പ്പെട്ട ഉപഗ്രഹങ്ങളെ ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ വരെ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റുകളിലേക്ക് വിക്ഷേപിക്കാന്‍ കഴിവുള്ളതാണ് എസ് എസ് എല്‍ വി റോക്കറ്റ്. 34 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവും ഉള്ള ഈ വിക്ഷേപണ വാഹനത്തിന് 140 ടണ്‍ ഭാരമുണ്ട്. ഒറ്റ വിക്ഷേപണത്തില്‍ ഒന്നിലധികം ഓര്‍ബിറ്റു കളില്‍ വിക്ഷേപണം നടത്താന്‍ സാധിക്കും. 169 കോടി മുതല്‍ മുടക്കില്‍ വികസിപ്പിച്ചെടുത്ത എസ് എസ് എല്‍ വി യുടെ ആദ്യ വിക്ഷേപണം കോവിഡ് പ്രതിസന്ധി മൂലമാണ് വൈകിയത്.

ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല;എസ് എസ് എല്‍ വി യുടെ ആദ്യ വിക്ഷേപണം പരാജയം
എസ് എസ് എൽ വി യുടെ ആദ്യ വിക്ഷേപണം ഇന്ന്; ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ല്

രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനായിരുന്നു എസ് എസ് എല്‍ വി - ഡി 1 ന്റെ ദൗത്യം. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് ( EOS - 02), അസാദിസാറ്റ് എന്നിവ. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന് മുതൽക്കൂട്ടാകുമെന്ന് കരുതിയ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരമാകാത്തത് ഐഎസ്ആർഒയ്ക്ക് തിരിച്ചടിയാണ്.

logo
The Fourth
www.thefourthnews.in