എസ് എസ് എൽ വി യുടെ ആദ്യ വിക്ഷേപണം ഇന്ന്; ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ല്
ISRO

എസ് എസ് എൽ വി യുടെ ആദ്യ വിക്ഷേപണം ഇന്ന്; ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ല്

രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപണം
Updated on
2 min read

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ് എസ് എൽ വി ( സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) യുടെ ആദ്യ വിക്ഷേപണം ഇന്ന്. രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപണം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നതാണ് ഐ എസ് ആർ ഒ വികസിപ്പിച്ചെടുത്ത എസ് എസ് എൽ വി. ഡിമാൻ്റ് അനുസരിച്ച് വിക്ഷേപണം നടത്താം എന്നതാണ് എസ് എസ് എൽ വി യുടെ സവിശേഷത.

എസ് എസ് എൽ വി -ഡി 1
എസ് എസ് എൽ വി -ഡി 1ISRO

10 മുതൽ 500 കിലോഗ്രാം വരെ ഭാരമുള്ള മിനി, മൈക്രോ, നാനോ വിഭാഗങ്ങളിൽപ്പെട്ട ഉപഗ്രഹങ്ങളെ ഭൗമോപരിതലത്തിൽ നിന്ന് 500 കിലോമീറ്റർ വരെ അകലെയുള്ള ലോ എർത്ത് ഓർബിറ്റുകളിലേക്ക് വിക്ഷേപിക്കാൻ കഴിവുള്ളതാണ് എസ് എസ് എൽ വി റോക്കറ്റ്. 34 മീറ്റർ നീളവും രണ്ട് മീറ്റർ വ്യാസവും ഉള്ള ഈ വിക്ഷേപണ വാഹനത്തിന് 140 ടൺ ഭാരമുണ്ട്. ഒറ്റ വിക്ഷേപണത്തിൽ ഒന്നിലധികം ഓർബിറ്റു കളിൽ വിക്ഷേപണം നടത്താൻ സാധിക്കും. 169 കോടി മുതൽ മുടക്കിൽ വികസിപ്പിച്ചെടുത്ത എസ് എസ് എൽ വി യുടെ ആദ്യ വിക്ഷേപണം കോവിഡ് പ്രതിസന്ധി മൂലമാണ് വൈകിയത്.

എട്ട് കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ് വിദ്യാർത്ഥിനികളാണ് രൂപകല്പന ചെയ്തത്.

രണ്ട് ഉപഗ്രഹങ്ങളാണ് എസ് എസ് എൽ വി - ഡി 1 ഇന്ന് ഭ്രമണപഥത്തിൽ എത്തിക്കുക. എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ( EOS - 02), അസാദിസാറ്റ് എന്നിവ. ഭൂമിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ഓർബിറ്റലിലേക്കാണ് 135 കിലോഗ്രാം ഭാരമുള്ള ഇ ഒ എസ് - 02 വിക്ഷേപിക്കുക. എട്ട് കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ് വിദ്യാർത്ഥിനികളാണ് രൂപകല്പന ചെയ്തത്. സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 സർക്കാർ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാർത്ഥിനികളാണ് സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘത്തിൽ ഉണ്ടായിരുന്നത്. 50 ഗ്രാം വീതം ഭാരമുള്ള 75 വ്യത്യസ്ത പേലോഡുകൾ ഉപഗ്രഹത്തിൽ ഉണ്ട്. ഖര ഇന്ധനമുള്ള മൂന്ന് ഘട്ടങ്ങളും ദ്രാവക ഇന്ധനമുള്ള വെലോസിറ്റി ട്രിമ്മിങ് മെഡ്യൂൾ എന്ന നാലാം ഘട്ടവും ഉൾപ്പെടുന്നതാണ് വിക്ഷേപണം.

എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ( EOS - 02)
എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ( EOS - 02)ISRO

ലോഞ്ച് ഓൺ ഡിമാൻ്റ്

എസ് എസ് എൽ വി യെ വിക്ഷേപണത്തിന് തയ്യാറാക്കാൻ 72 മണിക്കൂർ മാത്രം മതിയാകും. പി എസ് എൽ വി പോലുള്ള വിക്ഷേപണ വാഹനങ്ങൾക്ക് തയ്യാറെടുപ്പിന് രണ്ട് മാസത്തിലധികം സമയം ആവശ്യമാണ്. മൂന്ന് പ്രധാന ഘട്ടങ്ങളിലും ഖര ഇന്ധനമാണ് എന്നതാണ് എസ് എസ് എൽ വി യുടെ വിക്ഷേപണം എളുപ്പമാക്കുന്നത്. ഖര ഇന്ധനം നിറയ്ക്കുക താരതമ്യേന ലളിതമായതിനാലാണ് ഇത് . വേഗത്തിൽ സജ്ജമാകാം എന്ന ഈ സവിശേഷതയാണ് ആവശ്യക്കാർ വരുന്നതിനനുസരിച്ച് വിക്ഷേപണം നടത്താമെന്ന നിലയിൽ കാര്യമെത്തിച്ചത്.

ചെറുഉപഗ്രഹങ്ങൾക്ക് സ്വകാര്യ മേഖലയിൽ നിന്നടക്കം ഇനി ആവശ്യക്കാർ ഏറുമെന്നിരിക്കെ ഡിമാൻറ് അനുസരിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ എസ് എസ് എൽ വി യുടെ സഹായത്തോടെ ഐ എസ് ആർ ഒയ്ക്ക് സാധിക്കും. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ സംവിധാനം എന്നതും എസ് എസ് എൽ വി ക്ക് പ്രാധാന്യം നൽകുന്നു. വാണിജ്യ വിക്ഷേപണം എളുപ്പമാക്കാൻ സഹായിക്കുന്ന എസ് എസ് എൽ വി യുടെ ആദ്യ പറക്കൽ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ശക്തി പ്രകടനം കൂടിയാണ്.

logo
The Fourth
www.thefourthnews.in