'സ്ഥാനത്തിന് യോഗ്യനല്ല'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്
തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ചു. തന്റെ മന്ത്രിസഭയില്‍ നിന്ന് മന്ത്രി വി. സെന്തില്‍ ബാലാജിയെ പിരിച്ചുവിട്ട ഗവര്‍ണറുടെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവൃത്തികളിലൂടെ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ആര്‍ എന്‍ രവി തെളിയിച്ചിട്ടുണ്ടെന്നും കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.
സമാധാനവും പരസ്പരം സ്നേഹമുള്ള തമിഴ്നാട് പോലുള്ള സംസ്ഥാനത്ത് ഗവര്‍ണര്‍ തന്റെ പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നുവെന്നും ഇത് ഭരണകൂടത്തിനും ജനങ്ങള്‍ക്കും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും എതിരാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ആര്‍എന്‍ രവിക്ക് ഗവര്‍ണര്‍ പോലെയുള്ള ഉന്നത പദവിയില്‍ തുടരാനാകുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പേരുമാറ്റാനായി ഗവര്‍ണര്‍ പരോക്ഷമായി വാദിക്കുന്നതും നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പുവയ്ക്കാതെ മാസങ്ങളോളം വൈകിപ്പിക്കുന്ന കാര്യവും സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ''എല്ലാ രാജ്യങ്ങളും ഒരു മതത്തെ ആശ്രയിച്ചിരിക്കുമ്പോള്‍ ഇന്ത്യ അതില്‍ ഒരു അപവാദമല്ലെ''ന്നുള്ള ഗവര്‍ണറുടെ പരാമര്‍ശം ചൂണ്ടികാണിച്ച മുഖ്യമന്ത്രി ഗവര്‍ണര്‍ ഒരു രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നതെന്ന് ഊന്നിപറഞ്ഞു.
''തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് എന്താണ് നല്ലത് എന്ന് തീരുമാനിക്കാന്‍ താന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്ന കാര്യം ഗവര്‍ണര്‍ മറക്കുന്നു. അദ്ദേഹം കേവലം നിയമിതനാണെന്ന് ഓര്‍ക്കണം. ജനുവരി 5 ന് കാശി തമിഴ് സംഗമം ഉത്സവത്തില്‍ പങ്കെടുക്കവെ ഗവര്‍ണര്‍ ദ്രാവിഡ തത്വശാസ്ത്രത്തിനും സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിനും എതിരെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിച്ചു, ''സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.
ദ്രാവിഡ രാഷ്ട്രീയത്തെ പിന്തിരിപ്പന്‍ എന്ന് വിളിക്കുന്ന ആളുകളുടെ കണ്ണിനാണ് പ്രശ്‌നമെന്നും ഇത് ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയത്തെയാണ് തുറന്നുകാട്ടുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അതിന്റെ ജോലി ചെയ്യാന്‍ അനുവദിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ പ്രസംഗം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിലുണ്ടെന്നും മുഖ്യമന്ത്രി രാഷ്ട്രപതിയോട് പറഞ്ഞു.
ശൈശവ വിവാഹത്തില്‍ ഏര്‍പ്പെട്ട വൈദികര്‍ക്കെതിരായ കേസിന്റെ അന്വേഷണം അട്ടിമറിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ ആരോപിച്ചു. അഴിമതി, അനധികൃത സ്വത്ത് (ഡി എ) കേസുകളില്‍ നാല് എഐഎഡിഎംകെ മുന്‍ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുന്നതിലെ രാജ്ഭവന്റെ കാലതാമസംസംബന്ധിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.
ബാലാജിയെ ഗവര്‍ണര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ രാജ്ഭവനില്‍ നിന്നുള്ള കത്ത് ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ആര്‍ട്ടിക്കിള്‍ 159 പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഗവര്‍ണര്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിച്ച് സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനും അദ്ദേഹം ഭീഷണിയാണ്,'' മുഖ്യമന്ത്രി പറഞ്ഞു.