അമിത് ഷാ, സ്റ്റാലിന്‍
അമിത് ഷാ, സ്റ്റാലിന്‍

ഇന്ത്യ 'ഹിന്ദ്യ'യാക്കാനുള്ള ശ്രമം അവസാനിപ്പിക്കൂവെന്ന് സ്റ്റാലിന്‍; ഹിന്ദി പ്രാദേശിക ഭാഷകളുടെ എതിരാളിയല്ലെന്ന് അമിത് ഷാ

ഹിന്ദി ദിനത്തിന് പകരം ഇന്ത്യന്‍ ഭാഷകളുടെ ദിനമാണ് ആഘോഷിക്കേണ്ടതെന്ന് സ്റ്റാലിന്‍
Updated on
1 min read

ഇന്ത്യയെ 'ഹിന്ദ്യ' യാക്കാനായുള്ള ശ്രമങ്ങൾ ബിജെപി അവസാനിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി ഭാഷാ ദിനത്തില്‍ ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന് മറുപടിയുമായാണ് സ്റ്റാലിന്‍ രംഗത്തെത്തിയത് . ''ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോ ആയി അംഗീകരിക്കാനാവില്ല. ഹിന്ദി ദിനത്തിന് പകരം ഇന്ത്യന്‍ ഭാഷകളുടെ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദി ഭാഷയുടെ വികസനത്തിനായി കേന്ദ്രം ചെലവഴിക്കുന്ന പണവും മറ്റു ഭാഷകളുടെ വികസനത്തിനായി ചെലവഴിക്കുന്ന പണവും തമ്മില്‍ വലിയ അന്തരമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദിക്കും സംസ്‌കൃതത്തിനും മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂ. ഷെഡ്യൂള്‍ എട്ടില്‍ ഉള്‍പ്പെട്ട 22 ഭാഷകളും ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം'' - സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഹിന്ദി പ്രാദേശിക ഭാഷകളുടെ എതിരാളിയല്ലെന്നും സുഹൃത്താണെന്നുമാണ് ഹിന്ദി ഭാഷാദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞത്. ''ഹിന്ദി ഭാഷ തമിഴും ഗുജറാത്തിയും മറാത്തിയുമെല്ലാമായി കടുത്ത മത്സരത്തിലാണെന്നത് തെറ്റായ പ്രചരണമാണ്. ഹിന്ദിയും മറ്റ് പ്രാദേശിക ഭാഷകളും തമ്മില്‍ പരസ്പരം ബന്ധമുണ്ട്. ഹിന്ദി വികസിച്ചാലേ മറ്റു ഭാഷകള്‍ക്ക് വികസനമുണ്ടാവൂ. മറ്റ് ഭാഷകളുടെ വികസനം ഹിന്ദിയുടെ വികസനത്തിന് സഹായകമാകും'' - കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും ഹിന്ദി ഭാഷയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഹിന്ദി ഭാഷാ നിഘണ്ടു വികസിപ്പിക്കുന്നതിന്റെ ആവശ്യകതയും അമിത് ഷാ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. മറ്റ് ഭാഷകളില്‍ നിന്ന് കടമെടുത്ത് ഹിന്ദി നിഘണ്ടു വികസിപ്പിക്കണമെന്നായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.

കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നത് തമിഴ്നാട് വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ആരോപണമാണ്. സ്കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയെ സംസ്ഥാനം ശക്തമായി എതിര്‍ത്തു. അറുപതുകളില്‍ ശക്തമായ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് കൂടി വേദിയായ സംസ്ഥാനമാണ് തമിഴ്നാട്.

logo
The Fourth
www.thefourthnews.in