ലക്ഷ്മൺ നരസിംഹൻ
ലക്ഷ്മൺ നരസിംഹൻ

സ്റ്റാർബക്സ് സിഇഒ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യൻ വംശജൻ ലക്ഷ്മൺ നരസിംഹൻ

ഒക്ടോബർ 1 ന് കമ്പനിയിൽ അദ്ദേഹം ഔദ്യോഗികമായി ചേർന്നിരുന്നുവെങ്കിലും സിഇഒ പദവി ഏറ്റെടുത്തിരുന്നില്ല
Updated on
1 min read

അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ജനപ്രിയ കോഫി ശൃംഖലയായ സ്റ്റാർബക്സിന്റെ സിഇഒ ആയി ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ ചുമതലയേറ്റു. ലക്ഷ്മൺ പദവി ഏറ്റെടുക്കുകയും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമാവുകയും ചെയ്തതായി സ്റ്റാർബക്ക്സ് വ്യക്തമാക്കി. ലക്ഷ്മൺ പുതിയ സിഇഒ ആകുമെന്ന് കമ്പനി കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. ഹോവാർഡ് ഷുൾട്‌സിന് പകരമായാണ് 55 കാരനായ ലക്ഷ്മൺ നരസിംഹൻ നിയമിതനായത്. ഷുൾട്‌സ് ഡയറക്ടർ ബോർഡിൽ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2019 മുതൽ ഡ്യൂറെക്സ് കോണ്ടം, എൻഫാമിൽ ബേബി ഫോർമുല, മ്യൂസിനെക്സ് കോൾഡ് സിറപ്പ് എന്നിവ നിർമ്മിക്കുന്ന റെക്കിറ്റിന്റെ സിഇഒ ആയിരുന്നു ലക്ഷ്മൺ നരസിംഹൻ. പെപ്സികോയുടെ ആഗോള ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള സ്റ്റാർബക്‌സിന്റെ മുപ്പതോളം സ്റ്റോറുകളിലും നിർമ്മാണ കേന്ദ്രങ്ങളിലും , സപ്പോർട്ട് സെന്ററുകളിലും അദ്ദേഹം സന്ദർശനം നടത്തി

ഒക്ടോബർ 1 ന് കമ്പനിയിൽ അദ്ദേഹം ഔദ്യോഗികമായി ചേർന്നിരുന്നുവെങ്കിലും സിഇഒ പദവി ഏറ്റെടുത്തിരുന്നില്ല. ഏപ്രിലിൽ സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇക്കാലയളവിൽ അദ്ദേഹം ലോകമെമ്പാടുമുള്ള സ്റ്റാർബക്‌സിന്റെ മുപ്പതോളം സ്റ്റോറുകളിലും നിർമ്മാണ കേന്ദ്രങ്ങളിലും , സപ്പോർട്ട് സെന്ററുകളിലും സന്ദർശനം നടത്തി. അദ്ദേഹം ബാരിസ്റ്റ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്നും കമ്പനി അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന സ്റ്റാർബക്ക്സിന്റെ വാർഷികയോഗത്തിലാണ് അദ്ദേഹത്തിന് ഔദ്യോഗികമായി നേതൃത്വം കൈമാറുക.

ലക്ഷ്മൺ നരസിംഹൻ
സ്റ്റാർബക്സ് സിഇഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ

കഴിഞ്ഞ സെപ്റ്റംബറിൽ സ്ഥാനം ഒഴിഞ്ഞിരുന്നുവെങ്കിലും ഇടക്കാല സിഇഒ ആയി തുടരുകയായിരുന്നു ഹോവാർഡ് ഷുൾട്‌സ് തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തുന്നതിനും സ്റ്റാർബക്‌സിന്റെ നോർത്ത് അമേരിക്കൻ സ്റ്റോറുകൾ നവീകരിക്കുന്നതിനുമായി ദശലക്ഷക്കണക്കിന് രൂപയുടെ പുതിയ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു.ജനുവരി 1 ന് അവസാനിച്ച അവസാന പാദത്തിൽ റെക്കോർഡ് വിൽപ്പനയാണ് സ്റ്റാർബക്ക്സ് രേഖപ്പെടുത്തിയത്. ലോകമെമ്പാടും 34,000 സ്റ്റോറുകളുള്ള കോഫി ഷോപ്പ് ശൃംഖലയാണ് സ്റ്റാർബക്സ് .

പൂനെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ലക്ഷ്മൺ നരസിംഹൻ പെൻസിൽവാനിയ സർവകലാശാലയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, അന്തർദേശീയ പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ സീനിയർ പാർട്ണറായും നരസിംഹൻ സേവനമനുഷ്ഠിച്ചിട്ടുണ്ട് . യുഎസ്,ഏഷ്യ,ഇന്ത്യ എന്നിവിടങ്ങളിലെ ഉപഭോക്തൃ, റീട്ടെയിൽ, സാങ്കേതിക മേഖലകളിൽ ആയിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in