ഡിഎംകെയുടെ ഭാഗമായെന്ന അഭ്യൂഹങ്ങൾ തള്ളി കമൽ ഹാസൻ; പിന്തുണ രാഷ്ട്രത്തിനായി ചിന്തിക്കുന്നവർക്കൊപ്പമെന്ന് താരം
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയിൽ തന്റെ പാർട്ടിയായ 'മക്കൾ നീതി മയ്യം' ഇതുവരെ ഭാഗമായിട്ടില്ലെന്ന് വ്യക്തമാക്കി നടൻ കമൽ ഹാസൻ. രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രാജ്യത്തിനായി നിസ്വാർഥരായി പ്രവർത്തിക്കുന്നവർക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യത്തിന്റെ ഏഴാം വാർഷികാഘോഷത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ കമൽ ഹാസൻ, നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും സ്വാഗതം ചെയ്തു. വിശാലസഖ്യമായ 'ഇന്ത്യ' ബ്ലോക്കിൽ എംഎൻഎം ചേരുമോ എന്ന ചോദ്യത്തിന് കക്ഷി രാഷ്ട്രീയത്തെക്കാൾ രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയാണിതെന്നായിരുന്നു കമൽ ഹാസന്റെ മറുപടി. ഇതുവരെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്തെങ്കിലും നല്ല വാർത്തകൾ ഉണ്ടായാൽ അറിയിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംഎൻഎം പാർട്ടി തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയ്‌ക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തന്റെ ഭാഗം കമൽ ഹാസൻ വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിനൊപ്പം ചേർന്ന് കമൽ ഹാസൻ മത്സരിക്കുന്നുമെന്നായിരുന്നു റിപ്പോർട്ടുകൾ.
2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും എംഎൻഎം ഉണ്ടായിരുന്നെങ്കിലും ശ്രദ്ധേയമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കമൽ ഹാസൻ കോൺഗ്രസുമായി ചേർന്ന് ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എംഎൻഎമ്മിന് സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ കമൽ ഹാസൻ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നും സൂചനകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ബുധനാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നും കരുതിയിരുന്നു.