വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ആക്രമണം 19ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെ
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. 19 ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാനിരുന്ന ആന്ധ്ര പ്രദേശിലെ ട്രെയിനിന് നേരെയാണ് അക്രമം. കല്ലേറില്‍ കോച്ചിന്റെ രണ്ടു ജനൽ ചില്ലുകൾ പൂർണമായും തകർന്നു.
ട്രയൽ റൺ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ആക്രമണം.
വിശാഖപട്ടണത്തിന് സമീപം കാഞ്ചര പാളം എന്ന സ്ഥലത്തു വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. റയിൽവേ സ്റ്റേഷനിലേക്ക് അറ്റകുറ്റ പണികൾക്കായി കൊണ്ട് വന്ന ട്രെയിൻ ട്രയൽ റൺ പൂർത്തിയാക്കി തിരികെ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു ആക്രമണം. അക്രമികളെ കുറിച്ച് വ്യക്തതയില്ലെന്നു റയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു . ഡിവിഷണൽ മാനേജർ അനൂപ് സത്പതിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അമൃത് മഹോത്സവിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ആറു ട്രെയിനുകളാണ് ഇതിനോടകം സർവീസ് തുടങ്ങിയത്. നേരത്തെ പശ്ചിമ ബംഗാളിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് നേരെയും കല്ലേറുണ്ടായിരുന്നു .