ഇന്ത്യയിലെ മഹാരാജാവ് ഇംഗ്ലണ്ടിലെ ഗ്രാമത്തിന് ജലമെത്തിച്ച ചരിത്രം

ഇന്ത്യയിലെ മഹാരാജാവ് ഇംഗ്ലണ്ടിലെ ഗ്രാമത്തിന് ജലമെത്തിച്ച ചരിത്രം

ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനും സ്റ്റോക്ക് റോ ഗ്രാമത്തിലെ പ്രമാണിയുമായിരുന്ന എഡ്വേർഡ് ആന്റ്റർട്ടൻ റീഡേയും മഹാരാജാ ഇശ്രീ പെർഷാദ് നാരായൺ സിങ്ങും തമ്മിലുള്ള സൗഹൃദമാണ് കിണറിന്റെ പിറവിക്ക് കാരണമായത്
Updated on
2 min read

കോളനിവാഴ്ചയിലൂടെ ബ്രിട്ടൻ എന്ന രാജ്യം സമ്പന്നമായ ചരിത്രം നമുക്കെല്ലാം പരിചിതമാണ്. ഇന്ത്യയെ കോളനിയാക്കിയതുവഴി ബ്രിട്ടീഷ് സർക്കാരും പൗരന്മാരും ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ ധനികന്മാരായ കാര്യങ്ങളെല്ലാം തന്നെ നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ബ്രിട്ടീഷ് രാജ് നിലവിലിരുന്ന കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ സഹായഹസ്തം നീട്ടിയ ഇന്ത്യയിലെ ഒരു നാട്ടുരാജാവിന്റെ കഥ ഒരു അപൂർവത തന്നെയാണ്.

വാരാണസിയിലെ മഹാരാജാവായിരുന്ന ഇശ്രീ പെർഷാദ് നാരായൺ സിങ്ങിന്റ സഹായധനം ഉപയോഗിച്ച് ഇംഗ്ലണ്ടിലെ ചിൽറ്റെൻസ് കുന്നുകളിൽ ഓക്‌സ്‌ഫോർഡ്ഷെയർ കൗണ്ടിയിലുൾപ്പെട്ട സ്റ്റോക്ക് റോ എന്ന ഗ്രാമത്തിൽ 1864ൽ കിണർ നിർമിച്ച ചരിത്രമാണിത്. ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനും സ്റ്റോക്ക് റോ ഗ്രാമത്തിലെ പ്രമാണിയുമായിരുന്ന എഡ്വേർഡ് ആന്റ്റർട്ടൻ റീഡേയും മഹാരാജാ ഇശ്രീ പെർഷാദ് നാരായൺ സിങ്ങും തമ്മിലുള്ള സൗഹൃദമാണ് കിണറിന്റെ പിറവിക്ക് കാരണമായത്.

ചിൽറ്റെൻസ് കുന്നുകളിലെ ജലക്ഷാമം കാരണം കഷ്ടപ്പെടുന്ന പാവപ്പെട്ട കർഷകെരെപ്പറ്റിയുള്ള റീഡേയുടെ വിവരണങ്ങൾ ഈശ്വരി പ്രസാദിൽ കൗതുകമുണർത്തി. ഓക്‌സ്‌ഫോർഡ്ഷെയറിലെ ഒരു ഇടവകയിൽപ്പെടുന്ന സ്റ്റോക്ക് റോ ഗ്രാമത്തിലെ ജനങ്ങൾ ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു. അഴുക്കുനിറഞ്ഞ കുഴികളിലും ഉപയോഗം കഴിഞ്ഞ കളിമൺ ക്വാറികളിലുമൊക്കെയാണ് ഗ്രാമവാസികൾ അക്കാലത്ത് ജലം സംഭരിച്ചിരുന്നത്. വേനൽക്കാലത്ത് ജലലഭ്യത കുറയുമ്പോൾ ഒരു വീട്ടിൽ അടുക്കളയിൽ ഉപയോഗിച്ച ജലം തന്നെ സൂക്ഷിച്ച് വച്ച് മറ്റു വീടുകളിലേക്ക് കൊടുത്തുവിടുന്ന കഥകളും ദാഹം മാറ്റാൻ ഒളിച്ചും പാത്തും വെള്ളം കുടിക്കുന്ന കുട്ടികൾക്ക് മറ്റുള്ളവരിൽനിന്ന് മർദനമേൽക്കേണ്ടിവരുന്ന കഥകളും ജലക്ഷാമം കാരണം തുണികൾ കഴുകുന്ന പ്രക്രിയ അനിശ്ചിതകാലം നീട്ടിവെക്കേണ്ടിവരുന്ന അവസ്ഥകളുമെല്ലാം തന്നെ റീഡേ മഹാരാജാവുമായുള്ള സംഭാഷണങ്ങളിൽ വിവരിച്ചു.

ഇതേത്തുടർന്ന് സ്റ്റോക്ക് റോ ഗ്രാമത്തിൽ കിണർ നിർമിക്കാനുള്ള തുക മഹാരാജാവ് നൽകി. ഏതാണ്ട് 400 അടി താഴ്ചയുള്ള കിണർ നിർമിക്കുന്നതിന് അന്ന് ചെലവായ തുക 353 ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു. ഇന്ന് ഈ തുകയുടെ മതിപ്പുമൂല്യം ഏതാണ്ട് 50,000 പൗണ്ട് വരും. 1863 മാർച്ച് 10ന് കിണറിന്റെ നിർമാണം തുടങ്ങി. 1864 ൽ നിർമാണം പൂർത്തിയായ കിണറിന് ആംഗ്ലോ-ഇന്ത്യൻ വസ്തുവിദ്യയിൽ പണിതീർത്ത ഒരു മേലാപ്പും തയ്യാറാക്കി. രാംനഗറിൽ മഹാരാജാവിന്റെ കൊട്ടാരത്തിലെ പവലിയന്റെ മാതൃകയിലാണ് കിണറിന്റെ മേലാപ്പ് നിർമിച്ചത്. 1871 ൽ മേലാപ്പിന്റെ മുകളിൽ സ്വർണവർണത്തിൽ ഒരു ആനയുടെ ശിൽപ്പം സ്ഥാപിച്ചു. നിർമാണം പൂർത്തിയായ 1864 മുതൽ ഏതാണ്ട് 70 വർഷങ്ങൾ ഈ കിണർ ഗ്രാമവാസികളുടെ കുടിവെള്ളസ്രോതസ്സായി പ്രവർത്തിച്ചു.

കിണർ നിർമിക്കുന്നതിനുള്ള മുഴുവൻ ചി ലവിനു പുറമെ കിണർ പരിപാലിക്കുന്ന വ്യക്തിയുടെ പ്രതിഫലത്തിനും കിണറിന്റെ പരിപാലനച്ചിലവിനുമായി കിണറിനോട് ചേർന്ന് ഏതാണ്ട് നാല് ഏക്കർ സ്ഥലം വാങ്ങാനുള്ള പണവും രാജാവ് കൈമാറിയിരുന്നു. ഈ തുകയുപയോഗിച്ച് കിണറിനുചുറ്റുമുള്ള സ്ഥലത്ത് ഒരു ചെറിത്തോട്ടം തയ്യാറാക്കി. കിണറിന് ചുറ്റും തോട്ടം എന്ന ഭാരതീയ സമ്പ്രദായമാണ് ചെറിത്തോട്ടം നിർമിച്ചതിലൂടെ ഇംഗ്ലീഷ് ഗ്രാമത്തിൽ പുനരാവിഷ്‌കരിച്ചത്. ഈശ്വരി പ്രസാദ് നാരായൺ സിങ്ങിനോടുള്ള ബഹുമാനാർത്ഥം ഈ തോട്ടത്തിന് ഇശ്രീ ബാഗ് എന്ന പേരാണ് റീഡേ നൽകിയത്. ഇശ്രീ ബാഗിന് മഹാരാജാവുമായുള്ള ബന്ധം വ്യകതമാക്കാൻ വേണ്ടി തോട്ടത്തിലെ നിർമാണങ്ങൾക്ക് ഹിന്ദുസ്ഥാനി പേരുകൾ നൽകാനും റീഡേ മറന്നില്ല. മത്സ്യത്തിന്റെ ആകൃതിയിൽ തോട്ടത്തിലുള്ള കുളത്തിന് മച്ഛലി പൊഖാറ (മത്സ്യക്കുളം) എന്നാണ് പേര്. തണൽമരങ്ങൾ നിറഞ്ഞ ഇടുക്കുവഴി സായ ഖൂൻഡ് (ചോലയിടുക്ക്) എന്നും ചെറിയ കുന്ന് 'പ്രഭോ തീല' എന്നും കന്നുകാലിക്കുളം 'പ്രഭോ താൾ' എന്നുമാണ് അറിയപ്പെടുന്നത്.

ദി മഹാരാജ വെൽ ചാരിറ്റി എന്ന സംഘടനയാണ് ഇപ്പോൾ ഈ കിണറും ചെറിത്തോട്ടവും പരിപാലിക്കുന്നത്. ആംഗ്ലോ-ഇന്ത്യൻ വാസ്തുവിദ്യയുടെ ഒരു ഉദാഹരണമായും സാമൂഹിക കൂട്ടായ്മയ്ക്കും സ്വാഭാവിക ജീവജാലങ്ങളുടെ സംരക്ഷണത്തിനുമായാണ് കിണറും ചെറിത്തോട്ടവും ഇപ്പോൾ പരിപാലിച്ചുവരുന്നത്. റീഡേയുടെ തന്നെ നേതൃത്വത്തിലാണ് ചാരിറ്റി രൂപീകരിച്ചത്. 1983ൽ റീഡേ കുടുംബം മഹാരാജ വെൽ ചാരിറ്റിയുടെ ഉത്തരവാദിത്വം സ്റ്റോക്ക് റോ പാരിഷ് കൗൺസിലിനെ ഏൽപ്പിച്ചു. കിണറിനോട് ചേർന്നുള്ള കോട്ടേജിന് (മുൻപ് കിണർപരിപാലകന്റെ വാസസ്ഥലം) വാടകയിനത്തിൽ ലഭിക്കുന്ന വരുമാനവും കിണറിന്റെ പരിസരത്ത് ലഭ്യമായ ലഖുലേഖകളും പുസ്തകങ്ങളും വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവുമാണ് ചാരിറ്റി ട്രസ്റ്റിനെ സഹായിക്കുന്നത്.

logo
The Fourth
www.thefourthnews.in