വനസംരക്ഷണ നിയമഭേദഗതിയ്ക്ക് എതിരെ പ്രതിപക്ഷം; പ്രതിഷേധമെന്തിന്?
വനസംരക്ഷണ നിയമ ഭേദഗതിയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. ആദിവാസികളുടെ മുഴുവന്‍ അവകാശങ്ങളും അട്ടിമറിയ്ക്കുന്നതാണ് ഭേദഗതിയെന്നും വിമര്‍ശനമുയരുന്നു.
ഭേദഗതി എന്ത് ?
പട്ടികവര്‍ഗ, പരമ്പരാഗത വനവാസി വിഭാഗങ്ങളുടെ ഉപജീവനത്തിന് പ്രതിസന്ധിയുണ്ടാകാതെ സംരക്ഷണമൊരുക്കുന്നതാണ് 2006 ലെ വനാവകാശ നിയമം. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക അനുമതി വേണം. അവയാകട്ടെ, ഈ വിഭാഗങ്ങള്‍ക്ക് മേലുള്ള കയ്യേറ്റമാകാന്‍ പാടില്ലാതാനും. എന്നാല്‍ ഭേദഗതി പ്രകാരം അടിസ്ഥാന പദ്ധതികള്‍ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരും. പദ്ധതിയ്ക്കായി ഭൂമി കൈമാറുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ചുമതല നല്‍കുന്നതാണ് നിയമം. നിലവിലുള്ള നിയമപ്രകാരം എല്ലാ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതിയും വേണം. ഭേദഗതി വന്നാല്‍ ഈ നിയന്ത്രണങ്ങളില്‍ മാറ്റം വരും.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിയില്‍ വീട് വെയ്ക്കുന്നതിനടക്കം തടസമില്ലാതെയാകും. പ്രതിരോധ സേനയുടെ പദ്ധതികള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്ക് സമീപമെങ്കില്‍ അനുമതി ലഭിക്കും. പെട്രോള്‍-ഗ്യാസ് ഖനന പദ്ധതികള്‍ക്കും വനഭൂമിയില്‍ അനുമതി നല്‍കുന്നതാണ് ഭേദഗതി.വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തുന്ന നികുതിയിലും തോട്ടഭൂമിയിലെ വികസനപ്രവര്‍ത്തനങ്ങളുടെ അനുമതി നല്‍കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരും.
പ്രതിഷേധം എന്തിന്
വികസനം എന്ന പേരില്‍ വരുത്തുന്ന ഭേദഗതിയില്‍ അപകടമുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. ഇളവുകള്‍ വനസംരക്ഷണ നിയമത്തെ ദുര്‍ബലമാക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കര്‍ശന വ്യവസ്ഥകളില്‍ ഇളവ് വന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് വനഭൂമി തീറെഴുതി കൊടുക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമി നഷ്ടപ്പെടാം. വികസന പദ്ധതികള്‍ക്കും കെട്ടിടം നിര്‍മിക്കാനും അവസരമാകുന്നതോടെ വന്യജീവികളുടെ ആവാസവ്യവസ്ഥ നശിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നു.
നിയമഭേദഗതിയുടെ ഭാഗമായി ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയുമുണ്ട്. പുനരധിവാസത്തിനായുള്ള അവകാശങ്ങളും അവഗണിക്കപ്പെട്ടേക്കുമെന്നാണ് വിമര്‍ശനം. കാലത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ട സമയമായെന്നാണ് സര്‍ക്കാര്‍ നിലപാട്. കര്‍ശന വ്യവസ്ഥകള്‍ വികസനത്തെ ബാധിക്കുന്നതിനാലാണ് ഭേദഗതി ചെയ്യുന്നതെന്നുമാണ് വാദം.