ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ക്ഷേത്രനിര്‍മ്മാണം ; ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും

ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ക്ഷേത്രനിര്‍മ്മാണം ; ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും

ക്ഷേത്രത്തിന് പകരം ലൈബ്രറി നിര്‍മ്മിക്കണമെന്നാാവശ്യം
Updated on
1 min read

ബാംഗ്ലൂര്‍ സര്‍വകലാശാല ക്യാമ്പസിനകത്തു ക്ഷേത്രം പണിയാനുള്ള ശ്രമം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത്. ക്ഷേത്ര നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ അധ്യാപകരും അണിചേര്‍ന്നു . ജ്ഞാന ഭാരതി ക്യാമ്പസ്സില്‍ ക്ഷേത്രത്തിനായുള്ള തറ കെട്ടുന്ന ഘട്ടത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപമാണ് നിര്‍മാണം നടക്കുന്നത്. ഇവിടെ ക്ഷേത്രം നിര്‍മിക്കുന്നത് പഠനാന്തരീക്ഷത്തെ ബാധിക്കുമെന്നും ഭാവിയില്‍ വര്‍ഗീയ ചേരിതിരിവിനും കലഹത്തിനും കാരണമാകുമെന്നാണ് പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നത്. മതപരമായ നിര്‍മാണ പ്രവര്‍ത്തികള്‍ സര്‍വകലാശാല വളപ്പില്‍ പാടില്ലെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്നും ക്ഷേത്രത്തിനു പകരം ലൈബ്രറി പണിയുകയാണ് വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ വാദിച്ചു.

ബംഗളുരുവിലെ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘവും ക്ഷേത്ര നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതി. വിഷയം ഗൗരവമായി എടുത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണം . സര്‍വകലാശാല ചട്ടം 2000 ന് വിരുദ്ധമായുള്ള ഒന്നും ക്യാമ്പസില്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ പള്ളിയും അമ്പലവും പണികഴിപ്പിക്കേണ്ട ഇടങ്ങളല്ല. വിദ്യാര്‍ത്ഥികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ഗ്രന്ഥശാലകള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കുമായി അവ മാറ്റിവയ്ക്കണമെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. അതേസമയം ക്യാമ്പസിനകത്തെ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തിക്ക് ആരാണ് അനുമതി നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാല വളപ്പില്‍ നേരത്തെ ഉണ്ടായിരുന്ന പിന്നീട് പൊളിച്ച് മാറ്റപ്പെട്ട ക്ഷേത്രം ഇപ്പോള്‍ പുതുക്കി പണിയുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്നത്.

logo
The Fourth
www.thefourthnews.in