പഠിക്കാന്‍ വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാരില്‍ പകുതിയും സ്ത്രീകള്‍; മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ വര്‍ധനവെന്ന് പഠനം
ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സ്‌കോളര്‍ഷിപ്പുകളും മറ്റ് ഫണ്ടിങ്ങ് അവസരങ്ങളും ഉപയോഗിച്ച് അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവരില്‍ സ്ത്രീകളാണ് കൂടുതലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ പഠനത്തില്‍ പറയുന്നത്.
വിദേശ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവരിലും ധനസഹായം തേടുന്നവരിലും പകുതിയോടടുത്ത് സ്ത്രീകളാണെന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്. വലിയ നഗരങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളില്‍ നിന്നും സ്ത്രീകള്‍ പഠിക്കാന്‍ വിദേശത്തേക്ക് പോകുന്നുണ്ടെന്നും ഡേറ്റ വ്യക്തമാക്കുന്നു.
2021ലെ സാമ്പത്തിക വര്‍ഷത്തില്‍ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോയവര്‍ 20-30 ശതമാനമാണെങ്കില്‍ 2024ലെ സാമ്പത്തിക വര്‍ഷത്തില്‍ അത് 40-45 ശതമാനമായി ഉയര്‍ന്നെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ വായ്പ ആവശ്യപ്പെടുന്ന സ്ത്രീകളുടെ കണക്കിലും വര്‍ധനവുണ്ട്. വായ്പ ആവശ്യപ്പെടുന്നവരുടെ എണ്ണം 2021 സാമ്പത്തിക വര്‍ഷം പ്രകാരം 25 മുതല്‍ 30 ശതമാനമാണെങ്കില്‍ 2024ലെത്തുമ്പോള്‍ 35 മുതല്‍ 45 ശതമാനം വരെ ഉയര്‍ന്നെന്നാണ് ധനകാര്യ കമ്പനികള്‍ സൂചിപ്പിക്കുന്നത്.
2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം വായ്പയ്ക്കുവേണ്ടി തങ്ങളെ സമീപിച്ചവരില്‍ 31 ശതമാനം സ്ത്രീകളാണെന്ന് ലാവേര്‍ജ് ഡോട്ട് ബിസിന്റെ സ്ഥാപകനും സിഇഒയുമായ അക്ഷയ് ചതുര്‍വേദി പറയുന്നു. എന്നാല്‍ ഈ കണക്ക് 2023 സെപ്റ്റംബറിലെത്തിയപ്പോള്‍ 40 ശതമാനമായി ഉയര്‍ന്നെന്നും വരും വര്‍ഷങ്ങളിലും കണക്കുകളില്‍ വര്‍ധനയുണ്ടാകുമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.
2021ലെ സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് നല്‍കിയ 30 ശതമാനം പേരും സ്ത്രീകളാണെന്ന് ധനകാര്യ കമ്പനിയായ അവാന്‍സെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ അമിത് ഗൈന്‍ഡെ വ്യക്തമാക്കി. 2022 സാമ്പത്തിക വര്‍ഷത്തിലേക്കെത്തുമ്പോള്‍ 33 ശതമാനം വര്‍ധനവാണ് ധനസഹായം നേടിയ സ്ത്രീകളിലുണ്ടാകുന്നത്. മെട്രോ അല്ലാത്ത നഗരങ്ങളിലെ 45 ശതമാനം സ്ത്രീകളാണ് ധനസഹായങ്ങള്‍ വാങ്ങി വിദേശത്തേക്ക് പോകുന്നതെന്നാണ് കണക്കുകള്‍.