മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽകണ്ണൻ അറസ്റ്റിൽ, ജില്ലയിൽ കനത്ത സുരക്ഷ

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽകണ്ണൻ അറസ്റ്റിൽ, ജില്ലയിൽ കനത്ത സുരക്ഷ

തമിഴ്നാട് ഹിന്ദുമുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനൽ കണ്ണൻ
Updated on
1 min read

തെന്നിന്ത്യൻ സിനിമാ നടനും സ്റ്റണ്ട് മാസ്റ്ററുമായ കനൽ കണ്ണൻ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന ഡി എം കെ ഐ ടി വിംഗ് നേതാവായ ആസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 295 എ, 505(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഗർകോവിൽ സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഹിന്ദുമുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനൽ കണ്ണൻ.

കനൽ കണ്ണൻ കഴിഞ്ഞ മാസം തന്റെ ട്വിറ്റർ പേജിലൂടെ പള്ളിയിലെ വികാരിയും ഒരു സ്ത്രീയും കൂടി നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചതായിരുന്നു വിവാദങ്ങൾക്ക് വഴി വച്ചത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സംസ്കാരം ഇങ്ങനെയായിരിക്കുമെന്നും ഹിന്ദു മതത്തിൽ നിന്ന് മറ്റ് മതത്തിലേക്ക് പോകുന്ന വ്യക്തികൾ ഇത് കാണണമെന്നും പറഞ്ഞായിരുന്നു ട്വീറ്റ്. ക്രിസ്ത്യൻ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യം സാമൂഹിമ മാധ്യമങ്ങളിൽ പങ്കുവച്ചത് ചൂണ്ടിക്കാട്ടി ആസ്റ്റിൻ ബെന്നറ്റ് കന്യാകുമാരി ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന് പരാതി നൽകുകയായിരുന്നു.

നാഗർകോവിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കനൽക്കണ്ണനെ റിമാൻഡ് ചെയ്തു. കനൽ കണ്ണനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു മുന്നണി പ്രവർത്തകർ എസ് പി ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. കനൽക്കണ്ണന്റെ അറസ്റ്റിൽ ഇനിയും പ്രതിഷേധം ഉയരാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം വർഗീയ പ്രചാരണത്തിന്റെ പേരിൽ കനൽ കണ്ണൻ അറസ്റ്റിലായിരുന്നു. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാനായിരുന്നു കനൽ കണ്ണൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തത്. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.

logo
The Fourth
www.thefourthnews.in