സഭയിലെ 'മൗനിബാബമാര്‍'; ശത്രുഘ്‌നന്‍ സിന്‍ഹയും സണ്ണി ഡിയോളും പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല

സഭയിലെ 'മൗനിബാബമാര്‍'; ശത്രുഘ്‌നന്‍ സിന്‍ഹയും സണ്ണി ഡിയോളും പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല

ഗംഭീറും മിമി ചക്രബര്‍ത്തിയും നുസ്രത് ജഹാനുമൊക്കെ പാര്‍ലമെന്റില്‍ സംസാരിക്കാറുണ്ട്
Updated on
1 min read

സിനിമാ, കായിക താരങ്ങളെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ച് വിജയം കൊയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക താത്പര്യമുണ്ട്. താരപ്പകിട്ടും ജനങ്ങളുടെ കൗതുകവും വോട്ടായി മാറുമെന്ന ഉറപ്പിന്‍മേലാണ് ഇവരെയെല്ലാവരേയും സ്ഥാനാര്‍ഥികളായി പാര്‍ട്ടികള്‍ രംഗത്തിറക്കുന്നത്. സണ്ണി ഡിയോള്‍, ശത്രുഘ്‌നന്‍ സിന്‍ഹ, മിമി ചക്രബര്‍ത്തി, നുസ്രത് ജഹാന്‍, ഗംതം ഗംഭീര്‍ തുടങ്ങി വലിയൊരു നിര 'സ്റ്റാര്‍ എംപിമാര്‍' തന്നെ ലോക്‌സഭയിലുണ്ട്. പക്ഷേ, ഇവരുടെയൊക്കെ എംപി എന്ന നിലയിലെ പ്രകടനം എങ്ങനെയാണ്?

ഗംഭീറും മിമി ചക്രബര്‍ത്തിയും നുസ്രത് ജഹാനുമൊക്കെ പാര്‍ലമെന്റില്‍ സംസാരിക്കാറുണ്ട്. എന്നാല്‍, സണ്ണി ഡിയോളും ശത്രുഘ്‌നന്‍ സിന്‍ഹയും ലോക്‌സഭയില്‍ സംസാരിക്കരുതെന്ന് ശപഥം എടുത്തുവന്നവരാണ്! 17-ാം ലോക്‌സഭയില്‍ ഒരു ചോദ്യം പോലും ഇവര്‍ രണ്ടുപേരും ചോദിച്ചിട്ടില്ല.

രാഷ്ട്രീയ രംഗത്ത് മുന്‍പരിചയമുള്ളയാളാണ് ശത്രുഘ്‌നന്‍ സിന്‍ഹ. വാജ്‌പേയ് സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രിയും ആയിരുന്നു. പിന്നീട് കോണ്‍ഗ്രസ് വഴി തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയ സിന്‍ഹ, 2022-ല്‍ അസന്‍സോളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് പാര്‍ലമെന്റിലെത്തിയത്. എന്നല്‍, ഇത്തവണത്തെ വരവില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല!

ചോദ്യോത്തര വേളയില്‍ അദ്ദേഹം ഒരു ചോദ്യം പോലും ചോദിച്ചില്ല. ചട്ടം 377 പ്രകാരമുള്ള ഒരു ചര്‍ച്ചയിലോ പ്രത്യേക പ്രമേയത്തിലോ അദ്ദേഹം പങ്കെടുത്തില്ല. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നും ബിജപി ടിക്കറ്റില്‍ സഭയിലെത്തിയ സണ്ണി ഡിയോളും ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. എന്നാല്‍, എഴുതി തയാറാക്കിയ സബ്മിഷനുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

ആദ്യമായി ലോക്‌സഭയിലെത്തിയ എല്ലാ എംപിമാര്‍ക്കും സംസാരിക്കാന്‍ പതിനേഴാം ലോക്‌സഭയില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, 9 പേര്‍ ഇത് വിനിയോഗിച്ചില്ല. പശ്ചിമ ബംഗാളിലെ തമുല്‍ക് മണ്ഡലത്തില്‍ നിന്നുള്ള ദിവ്യേന്തു അധികാരി, കര്‍ണാടകയിലെ ചിക്കബല്ലൂരില്‍ നിന്നുള്ള ബി എന്‍ ബച്ചെ ഗൗഡ, അസമിലെ ലഖിംപുരില്‍ നിന്നുള്ള പ്രധാന്‍ ബറുവ, ഉത്തര കന്നഡ എംപി അമര്‍ കുമാര്‍ ഹെഗ്‌ഡെ, ചാമരാജ് നഗര്‍ എംപി ബി ശ്രീനിവാസ് പ്രസാദ്, ബീജാപൂര്‍ എംപി രമേശ് ജിഗജിന്‍ഗായ്, ബിഎസ്പിയുടെ യുപിയിലെ ഘോസി എംപി അതുല്‍ റോയ് എന്നിവരാണ് ഒരുതവണ പോലും പാര്‍ലമെന്റില്‍ സംസാരിക്കാത്ത എംപിമാര്‍. പതിനേഴാം ലോക്‌സഭയുടെ കാലാവധിയില്‍ അതുല്‍ റോയ് ജയിലില്‍ ആയിരുന്നു. പീഡനക്കേസിലാണ് അതുല്‍ റോയ് ജയിലിലായത്.

മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, വനിതാ സവരണം തുടങ്ങി നിര്‍ണായകമായ പല നിയമനിര്‍മ്മാണങ്ങളും പതിനേഴാം ലോക്‌സഭ പാസാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in