'വാരിസ് പഞ്ചാബ് ദേ' പ്രവര്‍ത്തകരെ മോചിപ്പിക്കണം: ആയുധങ്ങളുമായി സ്റ്റേഷന്‍ വളഞ്ഞ് ആള്‍ക്കുട്ടം; ഭീഷണിക്ക് വഴങ്ങി പോലീസ്
ഖലിസ്ഥാന്‍ വക്താവും മതപ്രഭാഷകനും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിംഗിന്റെ അനുയായികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃതസറില്‍ സംഘര്‍ഷം. തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിംഗിന്റെ അനുചരന്‍ ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട എത്തിയ വലിയൊരു സംഘം അജ്നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി. നൂറുകണക്കിന് പേരാണ് തോക്കുകളും, വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി രംഗത്തെത്തിയത്. പോലീസ് സ്റ്റേഷന് മുന്‍പിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസിനു നേരെ ഇരച്ചുകയറുകയായിരുന്നു.
അമൃത്പാല്‍ സിങിന്റെ അടുത്ത സഹായി ആയ ലവ്പ്രീത് തൂഫാന്‍, അനുയായികളായ വീര്‍ ഹര്‍ജീന്ദര്‍ സിങ്, ബല്‍ദേവ് സിങ് എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
വന്‍സംഘം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ അറസ്റ്റ് ചെയ്ത പ്രതികളെ വിട്ടയച്ചുകൊണ്ടായിരുന്നു പോലീസ് രംഗം ശാന്തമാക്കിയത്. ലവ് പ്രീത് സിങ് നിരപരാധിയാണെന്ന തെളിവുകള്‍ ലഭിച്ചുവെന്ന് അമൃത്സര്‍ പോലീസ് കമ്മീഷ്ണര്‍ ജസ്‌കര്‍ സിങ് അറിയിച്ചു. കേസ് പിന്നീട് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
രാഷ്ട്രീയ ലാക്കോടെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അമൃത്പാല്‍ സിങ് ആരോപിച്ചിരുന്നു. എത്രയും വേഗം എഫ്‌ഐആര്‍ റദ്ദാക്കി അറസ്റ്റ് ചെയ്തവരെ വെറുതെ വിട്ടില്ലെങ്കില്‍ പിന്നീട് സംഭവിക്കാന്‍ പോകുന്നതിനൊന്നും താന്‍ ഉത്തരവാദിയല്ലെന്നും അമൃത്പാല്‍ ഭീഷണി മുഴക്കിയിരുന്നു. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു രൂപീകരിച്ച സംഘടനയാണ് വാരിസ് പഞ്ചാബ് ദേ. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സംഘടനാ തലവനായി അമൃത്പാല്‍ സിങ് സ്ഥാനമേല്‍ക്കുന്നത്.