'ഗൂഗിളിനെതിരായ കണ്ടെത്തലുകളില്‍ തെറ്റില്ല'; പിഴ ചുമത്തിയ നടപടി ശരിവെച്ച് സുപ്രീംകോടതി
രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്‌തതിന് ഗൂഗിളിന് പിഴയിട്ട നടപടി ശരിവെച്ച് സുപ്രീംകോടതി. സിസിഐ (കോമ്പിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) കണ്ടെത്തലുകള്‍ ശരിവെച്ച എൻസിഎൽഎടി (ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍) ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചു. ഗൂഗിളിനെതിരെയുള്ള സിസിഐയുടെ കണ്ടെത്തലുകളില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, എൻസിഎൽഎടിക്കെതിരെ ഗൂഗിള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാൻ വിസമ്മതിച്ചു. എന്നാല്‍ ഗൂഗിൾ സമർപ്പിച്ച ഹർജി 2023 മാർച്ച് 31-നകം തീർപ്പാക്കണമെന്ന് ട്രൈബ്യൂണലിനോട് കോടതി നിർദേശിച്ചു. സിസിഐക്കെതിരെ ഗൂഗിൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ട്രൈബ്യൂണല്‍ 2023 ഏപ്രിലിലേക്ക് മാറ്റിയിരുന്നു.
സിസിഐയുടെ കണ്ടെത്തലുകൾ അധികാര പരിധിയ്ക്ക് പുറത്താണെന്നോ, പ്രകടമായ പിഴവുകളുണ്ടെന്നോ പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കോമ്പിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് പാലിക്കുന്നതിന് ഒരാഴ്ചത്തേയ്ക്ക് കൂടി ഗൂഗിളിന് കോടതി സമയം നീട്ടി നല്‍കി.
സിസിഐ ചുമത്തിയ 1337 കോടി രൂപ പിഴയുടെ 10 ശതമാനം നല്‍കണമെന്ന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് കോമ്പിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1337 കോടി രൂപ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കകം 936.44 കോടി രൂപയും പിഴ ചുമത്തി. നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ പരിഹരിക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
സിസിഐ ചുമത്തിയ 1337 കോടി രൂപ പിഴയുടെ 10 ശതമാനം നല്‍കണമെന്നാണ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതിനെതിരായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൂഗിള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സിസിഐയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കമ്പനിയുടെ ദീര്‍ഘകാല ബിസിനസ് മോഡലിനെയും ഉപഭോക്തൃ താത്പര്യങ്ങളെയും ബാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. എങ്ങനെ ബിസിനസ് നടത്തണമെന്ന് നിർദേശിക്കാൻ സിസിഐക്ക് അവകാശമില്ലെന്നും ഗൂഗിൾ വാദിച്ചു.
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയെന്നായിരുന്നു കോമ്പിറ്റീഷന്‍ കമ്മീഷന്റെ കണ്ടെത്തല്‍ . ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സെര്‍ച് എഞ്ചിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ലാണ് കോമ്പിറ്റീഷന്‍ കമ്മീഷന് പരാതി ലഭിച്ചത്.