നിരക്ഷരയായ ഇരയുമായി ഒത്തുതീര്‍പ്പാക്കി; ബലാല്‍സംഗ കേസ് റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി
നിരരക്ഷരയായ ആദിവാസി സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും പിന്നീട് കരാറുണ്ടാക്കി ബലാല്‍സംഗ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയുടെ വിര്‍മശനം. സെറ്റില്‍മെന്റ് ഡീഡിലെ ഉള്ളടക്കത്തെക്കുറിച്ച് ഇരയ്ക്ക് വ്യക്തമായി മനസിലായി എന്ന് സ്ഥിരീകരിക്കാന്‍ രേഖകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിഷയം വീണ്ടും ഹൈക്കോടതിയിലേക്ക്തന്നെ മടക്കി.
ഇരയെ അറിയിക്കാതെ എങ്ങനെയാണ് ഹൈക്കോടതി കേസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇരയുമായി കരാറിലെ വ്യവസ്ഥകള്‍ സംസാരിച്ചതായി രേഖകളില്ല. സ്ത്രീയുടെ വിരലടയാളം പതിപ്പിച്ച കരാറില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പോലും അവര്‍ക്ക് വ്യക്തതയില്ല. ഇത് പരിശോധിക്കാതെയുള്ള ഹൈക്കോടതിയുടെ വിധി നിലനില്‍ക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സാധാരണയായി നിരക്ഷരരായവര്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വിരലടയാളം പതിപ്പിച്ചാണ്. സത്യവാങ്മൂലത്തിലെ ഉള്ളടക്കം ഇരയ്ക്ക് വിശദീകരിച്ചിട്ടുണ്ടെന്ന് മൂന്നാമതൊരാളുടെ അംഗീകാരം ഉണ്ടായിരിക്കണം. ഇരയായ സ്ത്രീയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കണമായിരുന്നു. സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അവളെ അറിയിച്ചിരുന്നോ എന്ന് പരിശോധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം മാത്രം ബലാത്സംഗക്കേസ് റദ്ദാക്കണമോയെന്ന കാര്യത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2023 സെപ്തംബറില്‍ ജസ്റ്റിസ് സമീര്‍ ജെ ദവെ പുറപ്പെടുവിച്ച ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗാണ് അപ്പീലുമായി എത്തിയത്. ബലാല്‍സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് അറിയാത്ത ഭാഷയായ ഗുജറാത്തി ഭാഷയിലാണ് ഒത്തുതീര്‍പ്പിനെ സൂചിപ്പിക്കുന്ന സത്യവാങ്മൂലം നല്‍കിയതെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇര നിരക്ഷരയായ ഒരു ആദിവാസി സ്ത്രീയാണെന്നും 'സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിന്' ഒരിക്കലും സമ്മതമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം തയറാക്കിയ രീതിയെ കുറിച്ചും സത്യവാങ്മൂലത്തിലെ ഉള്ളടക്കം വിശദീകരിക്കാതെ എങ്ങനെയാണ് അപ്പീല്‍കാരിയുടെ തള്ളവിരലിന്റെ മുദ്ര പതിപ്പിച്ചതെന്ന ചോദ്യത്തിനും അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്. ആവശ്യമെങ്കില്‍, ഒരു ജുഡീഷ്യല്‍ ഓഫീസറെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിടാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.