പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം; എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി; യുപി, അസം സർക്കാരുകൾക്ക് നോട്ടീസ്

പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം; എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി; യുപി, അസം സർക്കാരുകൾക്ക് നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന് വാരാണസി, ലക്നൗ, അസം എന്നിവിടങ്ങളിലാണ് പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
Updated on
1 min read

കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റിനെ ഭാഗമായി കോടതിക്ക് മുൻപിൽ ഹാജരാക്കുമ്പോൾ ഇടക്കാല ജാമ്യം നൽകണമെന്ന് ഡൽഹി ദ്വാരക കോടതിയോട് നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച വരെയാണ് ജാമ്യം. പവൻ ഖേരയുടെ പേരിൽ പല സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ സംയോജിപ്പിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസിന് ആസ്പദമായ സംഭവം നടന്നത് ഒരു സ്ഥലത്തായിരുന്നു എന്നതും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഏകീകരിക്കുന്നതിന്റെ ഭാഗമായി അസം, യുപി സർക്കാരുകൾക്ക് നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന് അസമിലും ഉത്തർ പ്രദേശിലെ രണ്ടിടങ്ങളിലുമാണ് പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

റായ്‌പൂരിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിലെത്തിയ ഖേരയെ വിമാനത്തിൽ നിന്ന് പുറത്തിറിക്കിയ ശേഷം അസം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് നിർദേശം ലഭിച്ചതിനാലാണ് നടപടിയെന്ന് ഇൻഡിഗോ അധികൃതര്‍ വിശദീകരിച്ചു. ഖേരയെ വിമാനത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കോൺഗ്രസ് വിമാനത്താവളത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അസമിലെ ഡിമ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ദ്വാരക കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റോടെ അസമിലേക്ക് കൊണ്ട് പോകാനായിരുന്നു നീക്കം. എന്നാൽ അതിനിടെയാണ് ഖേര, സുപ്രീംകോടതിയെ സമീപിച്ചത്.

പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം; എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി; യുപി, അസം സർക്കാരുകൾക്ക് നോട്ടീസ്
മോദിയെ പരിഹസിച്ചതില്‍ കേസ്; കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്ത് അസം പോലീസ്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശിവസേനയിലെ പിളർപ്പ് സംബന്ധിച്ച കേസിന്റെ വാദം നടക്കുന്നതിനിടെയാണ് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് പവൻ ഖേരയുടെ അപേക്ഷ സുപ്രീംകോടതിയുടെ മുൻപാകെ ഉന്നയിച്ചത്. തുടർന്ന് മൂന്ന് മണിയോടെ വാദം കേൾക്കാൻ കോടതി തയ്യാറാവുകയായിരുന്നു. പല സ്ഥലങ്ങളിലായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനും അത് സംയോജിപ്പിക്കണമെന്നുമാണ് പവൻ ഖേരയുടെ ആവശ്യം

logo
The Fourth
www.thefourthnews.in