മണിപ്പൂർ കലാപം: സുപ്രീംകോടതി നിയോഗിച്ച സമിതി മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചു
മണിപ്പൂരിലെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച മുൻ ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മണിപ്പൂർ ജനതയുടെ അവശ്യ രേഖകളുടെ വിതരണം, നഷ്ടപരിഹാരം, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിദഗ്ധരുടെ നിയമനം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റിപ്പോർട്ടുകളാണ് സമിതി സമർപ്പിച്ചത്.
ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ മേൽനോട്ട സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയും മലയാളിയുമായ ആശാ മേനോനും ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി ജോഷിയുമാണ് സമിതിയിലെ അംഗങ്ങൾ. ദുരിതാശ്വാസം, പരിഹാര നടപടികൾ, പുനരധിവാസ നടപടികൾ, വീടുകളുടേയും സ്ഥലങ്ങളുടെയും പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനായിരുന്നു നിർദേശം.
ഉന്നതതല സമിതി സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ച്, ഓഗസ്റ്റ് 25ന് നടക്കുന്ന അടുത്ത ഹിയറിങ്ങിൽ വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മണിപ്പൂരിലെ നിരവധിപേർക്ക് അവരുടെ തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടെന്ന വസ്തുത റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാർ ആനുകൂല്യം ഉൾപ്പെടെ ലഭ്യമാകുന്നതിന് തിരിച്ചറിയൽ രേഖകൾ ആവശ്യമായതിനാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെടൽ വേഗത്തിലുണ്ടാകും.
മൂന്നംഗ സമിതിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഭരണപരമായ സഹായം ഉൾപ്പെടെ ചില നിർദേശങ്ങൾ ആവശ്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ധനസഹായം, വെബ് പോർട്ടൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും ബെഞ്ച് മുന്നോട്ടുവയ്ക്കുന്നു. കേന്ദ്രമോ സംസ്ഥാന സർക്കാരോ ധനസഹായം നൽകണമെന്ന ആവശ്യം സമിതി അംഗങ്ങൾ കോടതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ഓഫീസ് അടക്കമുള്ള ആവശ്യങ്ങളും സമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്.