പിഎഫ് പെന്‍ഷന്‍: 15000 രൂപ മേല്‍പ്പരിധി റദ്ദാക്കി; ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി
ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി. പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം നല്‍കണമെന്ന നിര്‍ദേശവും റദ്ദാക്കി. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാം. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിച്ചു. അതേസമയം, വിധി നടപ്പാക്കാന്‍ ആറ് മാസം സാവകാശം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് ആവശ്യമായ ധനസമാഹരണം നടത്താനാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. ഇതോടെ, ശമ്പളത്തിന് ആനുപാതികമായി പെന്‍ഷനും വര്‍ധിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
കേസില്‍ ആറ് ദിവസത്തെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 11ന് പൂര്‍ത്തിയാക്കിയിരുന്നു.. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി 2014ലെ എംപ്ലോയ്മെന്റ് പെൻഷൻ സ്കീമീലെ കേന്ദ്ര ഭേദഗതി റദ്ദാക്കി 2018ല്‍ ഉത്തരവിട്ടിരുന്നു.
കോടതി വിധി ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ആശ്വാസമാകുന്നത്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള, ഡല്‍ഹി, രാജസ്ഥാന്‍ ഹൈക്കോടതികളുടെ വിധിക്കെതിരായ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന ഹൈക്കോടതികളുടെ വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമാണ് ഹര്‍ജി നല്‍കിയത്.