നോട്ട് നിരോധനം: രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍ബിഐക്കും സുപ്രീംകോടതി നിര്‍ദേശം; കേസ് വിധി പറയാന്‍ മാറ്റി
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസർക്കാരിനും ആർബിഐയ്ക്കും സുപ്രീംകോടതി നിർദേശം നല്‍കി. രേഖകള്‍ മുദ്ര വെച്ച കവറില്‍ സമർപ്പിക്കണം. നോട്ടുനിരോധനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം നല്‍കിയത്. കേസില്‍ വിധി പറയുന്നത് കോടതി മാറ്റി.
സാമ്പത്തിക നയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി
2016 നവംബർ എട്ടിനാണ് 500 രൂപയുടെയും, 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്.
സാമ്പത്തിക നയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും, നോട്ട് നിരോധിച്ച സർക്കാർ തീരുമാനം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, നിരോധനം ഏര്‍പ്പെടുത്തി ആറ് വര്‍ഷം പിന്നിട്ടതിനാല്‍ നടപടി പിന്‍വലിച്ചാല്‍ ഏതൊക്കെ വിധം ബാധിച്ചേക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി ചിദംബരമാണ് ഹാജരായത്. നോട്ട് നിരോധിച്ച നടപടി പിൻവലിച്ച് പഴപടിയാക്കാനായില്ലെങ്കിലും, ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നിയമമുണ്ടാക്കണമെന്നും പി ചിദംബരം വാദിച്ചു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിങ് തുടങ്ങിയവ തടയാനായിരുന്നു നോട്ട് നിരോധിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. സദുദ്ദേശത്തോടെയായിരുന്നു തീരുമാനം. നോട്ട് നിരോധനത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കില്‍ പോലും ആ കാരണത്താല്‍ നടപടി അസാധുവാക്കാന്‍ കഴിയില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. റിസർവ് ബാങ്കിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് റിസര്‍വ് ബാങ്കിനായി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 58 ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. വിനിമയം നടത്തികൊണ്ടിരുന്ന 1000ത്തിന്റെയു 500ന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജികളില്‍ ആരോപിക്കുന്നു. ഡിജിറ്റല്‍ വിനിമയത്തിലേക്ക് മാറുമെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞയാഴ്ച ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നോട്ട് നിരോധന സമയത്ത് ഉള്ളതിനേക്കാള്‍ 71.84% നോട്ടുകള്‍ രാജ്യത്തെ ജനങ്ങളുടെ കയ്യില്‍ ഇപ്പോഴുണ്ടെന്നാണ് കണ്ടെത്തല്‍.