ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നത, വിശാല ബെഞ്ചിന് വിട്ടു
ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകുന്നതിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നത. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിട്ടു. ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നൽകുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് പി കെ മിശ്ര അറിയിച്ചു. എന്നാൽ, കീഴടങ്ങാൻ ടീസ്റ്റ സെതൽവാദിന് ഹൈക്കോടതി കുറച്ച് സമയം നൽകണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ടീസ്റ്റ സെതൽവാദിന് കീഴടങ്ങാൻ സമയം നൽകുന്നതിനെ എതിർത്തു.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റ എത്രയും വേഗം കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം നൽകണമെന്ന ടീസ്റ്റ സെതൽവാദിന്റെ ആവശ്യം ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കാനടക്കം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2022 ജൂൺ 25നാണ് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. വ്യാജ തെളിവുകൾ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ടീസ്റ്റയെ പോലീസ് അറസ്റ്റ് ചെയ്തത്. ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹർജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.