നിർമ്മിതബുദ്ധിയുടെ സഹായത്തോടെ തത്സമയ ട്രാന്‍സ്‌ക്രിപ്ഷന്‍; പുതിയ പരീക്ഷണവുമായി സുപ്രീം കോടതി
ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വാദങ്ങള്‍ തത്സമയം ടെക്സ്റ്റ് ആക്കി മാറ്റി ട്രാന്‍സ്ക്രിപ്ഷന്‍ നടത്തി സുപ്രീം കോടതി. സ്വഭാവികമായി ഭാഷ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധിയുടെ സഹായവും ഉപയോഗിച്ച് അഭിഭാഷകരുടെ വാദം തത്സമയം ട്രാന്‍സ്‌ക്രിപ്ഷന്‍ ചെയ്യുന്ന സംവിധാനമാണ് സുപ്രീം കോടതി ഇന്ന് പരീക്ഷിച്ചത്.
കോടതിയില്‍ വാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ തത്സമയ ട്രാന്‍സക്രിപ്ഷന്റെ( അതേ സമയം തന്നെ വാദത്തിന്റെ ടെക്സ്റ്റ് സബ്ടൈറ്റില്‍ രൂപത്തില്‍ സ്ക്രീനില്‍ കാണിക്കുക) സാധ്യതകള്‍ പരീക്ഷിച്ചു നോക്കുകയാണ്. തത്സമയം ചെയ്യേണ്ടതായതിനാല്‍ ഇന്നത്തേത് പരീക്ഷണം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
ഭരണഘടനാ ബഞ്ചില്‍ ഉള്‍പ്പെടെ വാദങ്ങള്‍ സ്ഥിരം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനം ഉണ്ടാകും, അത് അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും സഹായകമാകും. നിയമവിദ്യാർഥികള്‍ക്ക് എങ്ങനെ വാദം പുരോഗമിക്കുന്നു എന്ന് വിശകലനം ചെയ്യാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ ശബ്ദം ഉണ്ടാകുന്നത് റെക്കോർഡിങ്ങിൽ പ്രശ്‌നമുണ്ടാക്കിയേക്കാം. എന്നാല്‍ വൈകുന്നേരത്തോടെ പിശകുകള്‍ മാറ്റി ശരിയാക്കുന്നതിനായി ഉദ്യോഗസ്ഥരുണ്ട്. പകല്‍ സമയത്ത് തന്നെ കൗണ്‍സലിന് റെക്കോര്‍ഡുകളുടെ ലിങ്ക് ലഭിക്കും. അത് പരിശോധിച്ച് വൈകുന്നേരത്തോടെ ശരിയാക്കിയ ട്രാന്‍സ്‌ക്രിപ്റ്റ് ബെഞ്ചിന് ലഭിക്കുമെന്നും ജസ്റ്റിസ് ചന്ദ്ര ചൂഢ് വ്യക്തമാക്കി.
എല്ലാ വാചകങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിനാല്‍ ശരിക്കുമുള്ള കോടതി റെക്കോര്‍ഡായിരിക്കുമിതെന്ന് ജസ്റ്റിസ് പി എസ് നരസിംഹ പറഞ്ഞു. വെര്‍ച്വല്‍ നടപടികള്‍ നടക്കുമ്പോള്‍ ഇടയ്ക്ക് സംസാരിക്കേണ്ടി വന്നാല്‍ വിരലുകള്‍ ഉയര്‍ത്തണം. അതുവഴി ക്രോസ് ടോക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. ഇത് സാധാരണ വാദങ്ങളിലും പിന്തുടരാമെന്നും പി എസ് നരസിംഹ അറിയിച്ചു.