ഗ്യാന്‍വാപി: ഉത്തരവിലെ പിഴവ് തിരുത്തി സുപ്രീംകോടതി
ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവിലുണ്ടായ പിഴവ് തിരുത്തി സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ സര്‍വേയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപേക്ഷ ജൂലൈ 24ന് സുപ്രീംകോടതി തീര്‍പ്പാക്കിയിരുന്നു. സർവേ ഇന്ന് വൈകീട്ട് അഞ്ച് വരെ തടഞ്ഞ സുപ്രീംകോടതി, കമ്മിറ്റിയോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
എന്നാല്‍ ഗ്യാന്‍വാപി പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മറ്റി നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി (എസ് എൽപി) തള്ളി എന്ന രീതിയിലായിരുന്നു ഈ ഉത്തരവ് വന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവിലെ പിഴവ് തിരുത്തിയത്.
ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ വാരാണസി കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. എന്നാല്‍ ആ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി വാരണസി കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടർന്ന് സമർപ്പിച്ച എസ് എൽപി സുപ്രീംകോടതി തള്ളിയെന്ന രീതിയിലാണ് ജൂലായ് 23ലെ ഉത്തരവ് വ്യാഖ്യാനിക്കപ്പെട്ടത്.
അലഹബാദ് ഹൈക്കോടതിയില്‍ എ എസ് ഐ സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നടക്കുകയാണ്. അവിടെ കേസിലെ പ്രധാന ഹര്‍ജി തന്നെ സുപ്രീംകോടതി തള്ളിയെന്ന് വാദിക്കാന്‍ സാധ്യതയുണ്ടെന്ന് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതി മുൻപാകെ ആശങ്ക അറിയിച്ചു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസത്തെ ഉത്തരവ് കോടതി തിരുത്തിയത്. മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ആണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന് മുന്‍പാകെ ഈ വിഷയം അവതരിപ്പിച്ചത്.
ഗ്യാന്‍വാപി പള്ളി പരിസരത്ത് ആരാധനാ അവകാശം തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ കേസ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് 2022 ഒക്ടോബറിലാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ പള്ളിയില്‍ എഎസ്‌ഐയുടെ ശാസ്ത്രീയ സര്‍വേ ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ വിചാരണക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ജൂലൈ 21 ന് വിചാരണക്കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. ജൂലൈ 24 ന് സുപ്രീംകോടതി സര്‍വേ തടഞ്ഞ് ഉത്തരവിറക്കുകയായിരുന്നു.