നൂപുര്‍ ശര്‍മക്കെതിരായ കേസുകള്‍ ഡല്‍ഹിയിലേയ്ക്ക് മാറ്റാമെന്ന് സുപ്രീംകോടതി: എതിര്‍പ്പുമായി ബംഗാള്‍
പ്രവാചകനിന്ദ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. രാജ്യത്ത് അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് നുപൂറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതെല്ലാം ഡല്‍ഹിയിലേക്ക് മാറ്റുന്നതോടെ, ഡല്‍ഹി പോലീസായിരിക്കും അവ അന്വേഷിക്കുക.
നൂപുര്‍ ശര്‍മയ്ക്ക് വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.പി പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. നൂപുറിന്റെ ജീവന് ഭീഷണിയുണ്ടെന്നുള്ള കാര്യം സുപ്രീംകോടതി അംഗീകരിക്കുകയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സമാന ആവശ്യം ഉന്നയിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനം നടത്തിയ ബെഞ്ച് തന്നെയാണ് ഇപ്പോള്‍ അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലായിടത്തും വിചാരണയ്ക്ക് ഹാജരാകാനാകില്ലെന്നും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ് നൂപുര്‍ ശര്‍മ കേസുകള്‍ ലയിപ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, ഡല്‍ഹി പോലീസിന് പകരം പ്രവാചകനിന്ദ അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തിനെ രുപീകരിക്കണമെന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പശ്ചിമബംഗാളടക്കം ബിജെപി ഇതര സംസ്ഥാനങ്ങളാണ് നൂപുറിനെതിരെ കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എഫ്‌ഐആറുകളല്ലാം കൂട്ടിച്ചേര്‍ക്കണമെന്ന നൂപുറിന്റെ ആവശ്യത്തെ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. മേനഘ ഗുരുസ്വാമി ശക്തമായി എതിര്‍ത്തു. നൂപുറിന്റെ പ്രസ്താവന രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് മറക്കരുത്. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എന്താണ് സംഭവിച്ചതെന്നും അവര്‍ ചോദിച്ചു.
എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ സുപ്രീംകോടതി നൂപുറിനായി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് നിരത്തിയ വാദങ്ങളാണ് അംഗീകരിച്ചത്. എല്ലാ എഫ്‌ഐആറുകളും ഒന്നാക്കി ഡല്‍ഹി പോലീസിനെ ഏല്‍പ്പിക്കാമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാമെന്നും ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.