മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ ഉൾപ്പെടെ രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി ശുപാർശ ചെയ്ത് കൊളീജിയം
മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനെയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ. ഇപ്പോൾ വിരമിച്ച ജഡ്ജിമാരായ ദിനേശ് മഹേശ്വരി, എം ആർ ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാർശ. ഇതു കേന്ദ്രത്തിന് കൈമാറി.
ബാറിലെ വിശിഷ്ട അംഗമായ വിശ്വനാഥന്റെ നിയമനം സുപ്രീംകോടതിയുടെ ഘടനയിൽ ബാറിന്റെ പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് കൊളീജിയം അഭിപ്രായപ്പെട്ടു. അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാനത്തിനർഹനായ വ്യക്തിയാണ് പ്രശാന്ത് കുമാർ മിശ്രയെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
1966 മെയ് 16ന് ജനിച്ച വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായാൽ 2031 മെയ് 25 വരെയായിരിക്കും പദവിയിൽ തുടരാനാകുക. 2030 ഓഗസ്റ്റ് 11ന് ജസ്റ്റിസ് ജെ ബി പർദിവാല വിരമിക്കുമ്പോൾ 2031 മെയ് 25 വരെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്താനുള്ള സാധ്യത വിശ്വനാഥന് മുന്നിലുണ്ട്. വിശ്വനാഥന്റെ നിയമനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ, അഭിഭാഷകർക്കിടയിൽനിന്ന് സുപ്രീം കോടതിയിലേക്ക് നേരിട്ട് നിയമിക്കപ്പെടുന്ന പട്ടികയിലെ പത്താമത്തെയാളാകും അദ്ദേഹം.
2021 ഒക്ടോബർ13നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രശാന്ത് കുമാർ മിശ്ര നിയമിതനായത്. ഛത്തീസ്‌ഗഡ് ഹൈക്കോടതി ജഡ്ജിയായും ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
34 ജഡ്ജിമാരുടെ അംഗബലമുള്ള സുപ്രീം കോടതിയിൽ നിലവിൽ 32 ജഡ്ജിമാരാണുള്ളത്. ജൂലായ് രണ്ടാം വാരത്തോടെ നാല് ഒഴിവുകൾ കൂടിയുണ്ടാകും.