മുസ്ലീം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാർ തീരുമാനം  വികലമെന്ന് സുപ്രീംകോടതി

മുസ്ലീം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാർ തീരുമാനം വികലമെന്ന് സുപ്രീംകോടതി

തീരുമാനത്തെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് കോടതി നിർദേശം
Updated on
1 min read

മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തു കളയാനുളള കർണാടക സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സുപ്രീംകോടതി. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉളള രണ്ട് ശതമാനം സംവരണം വർധിപ്പിക്കാനും ഒബിസി മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുകളയാനുമാണ് ബിജെപി സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് കർണാടക സർക്കാരിന്റെ തീരുമാനം തികച്ചും തെറ്റാണെന്ന് പറഞ്ഞത്.

സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രബലമായ ഹിന്ദു വിഭാ​ഗങ്ങളെ സ്വാധീനിക്കാനായി സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന മുസ്ലീങ്ങളോട് വിവേചനം കാണിക്കുയാണെന്നും തുല്യതയുടെയും മതേതരത്വത്തിന്റെയും ഭരണഘടനാ തത്വങ്ങൾ സർക്കാർ ലംഘിച്ചുവെന്നും ഹർജിക്കാർ വാദിച്ചു. യാതൊരു പഠനവും നടത്താതെയാണ് സർക്കാർ തീരുമാനമെന്നും അവർ ചൂണ്ടിക്കാട്ടി. വിവിധ മുസ്ലീം മത സംഘടനകളും വ്യക്തികളുമാണ് ഹർജി നൽകിയത്. മുസ്‌ലിം സമുദായാംഗങ്ങൾക്കുവേണ്ടി അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കർ നാരായണൻ എന്നിവർ ഹാജരായി.

വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക നില പരിശോധിക്കാൻ നിയോഗിച്ച കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന വൊക്കലിഗകളും ലിംഗായത്തുകളും ഉയർന്ന സംവരണത്തിന് അർഹരാണെന്നും ഈ സമുദായങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കൂടി കണക്കിലെടുത്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഹർജികളിൽ പ്രതികരണം രേഖപ്പെടുത്താൻ അനുവദിക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളിൽപ്പെട്ടവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ടിന്റെ സാധുതയിൽ കോടതി സംശയം രേഖപ്പെടുത്തി. സർക്കാർ തീരുമാനം സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നാല് ശതമാനം മുസ്ലീം സംവരണത്തിന്റെ അടിസ്ഥാനം എന്തെന്നും കോടതി ആരാഞ്ഞു. സംവരം 50 ശതമാനം കവിയരുതെന്ന 1992 ലെ സുപ്രീംകോടതി വിധി മറികടക്കുന്നതാണ് സർക്കാർ നടപടിയെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും വൊക്കലിഗ, ലിംഗായത്ത സമുദായങ്ങളോടും കോടതി നിർദേശിച്ചു. ഹർജികൾ ഏപ്രിൽ 18 ന് വീണ്ടും പരിഗണിക്കും. അതുവരെ സംവരണാടിസ്ഥാനത്തിലുള്ള നിയമനങ്ങളടക്കം നടത്തരുതെന്നും ആവശ്യപ്പെട്ടു.

കാലങ്ങളായി കർണാടകയിലെ വിവിധ പാർട്ടികളെ പിന്തുണച്ചിട്ടുള്ള സമുദായങ്ങളാണ് വൊക്കലിഗകളും ലിംഗായത്തുകളും. കോൺഗ്രസിന്റെയും ജനതാദളിന്റെയും (സെക്കുലർ) സഖ്യസർക്കാരിനെ താഴെയിറക്കി 2019ൽ അധികാരത്തിലെത്തിയ ബിജെപി, തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു സമുദായങ്ങളെയും സ്വാധീനിക്കാനുളള ശ്രമത്തിലാണ്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കാൻ ബൊമ്മൈ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. സംവരണത്തിന് അർഹരായ മുസ്ലീങ്ങളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കീഴിലുമാക്കി.

logo
The Fourth
www.thefourthnews.in