'നേരം പുലരും മുന്‍പേ ഹാജരാക്കി, അഭിഭാഷകനെ പോലും അറിയിച്ചില്ല'; പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ പോലീസിനെതിരേ സുപ്രീം കോടതി
ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പ്രബീർ പുരകായസ്തയെ അതിവേഗം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ നടപടിയെ ചോദ്യം ചെയ്ത സുപ്രീം കോടതി, അങ്ങനെ ചെയ്യുന്നതിന് മുൻപ് എന്ത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകനെ അറിയിക്കാതിരുന്നതെന്നും ചോദിച്ചു.
"എന്തുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിൻ്റെ അഭിഭാഷകനെ മുൻകൂട്ടി അറിയിക്കാതിരുന്നത്? ഹാജരാക്കുന്നതിന് തലേ ദിവസം വൈകുന്നേരമാണ് നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം അറിയിക്കാൻ നിങ്ങൾക്ക് ഒരു ദിവസം മുഴുവൻ സമയം ഉണ്ടായിരുന്നു. പുലർച്ചെ 6 മണിക്ക് ഹാജരാക്കാൻ മാത്രം എന്താണിത്ര തിടുക്കം ഉണ്ടായിരുന്നത്," ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
"നിങ്ങൾക്ക് അദ്ദേഹത്തെ രാവിലെ 10 മണിക്ക് ഹാജരാക്കാമായിരുന്നു. രാവിലെ പത്തിനോ പതിനൊന്നിനോ ഹാജരാക്കണം, അദ്ദേഹത്തിൻ്റെ അഭിഭാഷകനെ അറിയിക്കണം," ബെഞ്ച് കൂട്ടിച്ചേർത്തു. ഒപ്പം പുരകായസ്തയുടെ അഭിഭാഷകൻ എത്തുന്നതിന് മുൻപായി തന്നെ അദ്ദേഹത്തിന്റെ റിമാൻഡ് ഉത്തരവ് വന്നതിൽ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. അറസ്റ്റ് നടക്കുമ്പോഴുള്ള അന്വേഷണ ഏജൻസിയുടെ പെരുമാറ്റത്തെയും കോടതി ചോദ്യം ചെയ്തു. " നിയമം നടപ്പാക്കുക മാത്രമല്ല, അത് നടന്നതായി തോന്നുകയും വേണം" കോടതി ചൂണ്ടിക്കാട്ടി.
തൻ്റെ കക്ഷിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പുരകായസ്തക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചതിന് പിന്നാലെയാണ് കോടതിയുടെ പരാമർശം. എന്തുകൊണ്ടാണ് അറസ്റ്റ് എന്നത് സംബന്ധിച്ച വിശദീകരണം കക്ഷിക്ക് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. "രാവിലെ 6 മണിക്ക് മുൻപ് അഭിഭാഷകൻ ഇല്ലാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. 6 മണിക്ക് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചു. ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തിൻ്റെ അഭിഭാഷകന് വാട്സ്ആപ് വഴിയാണ് റിമാൻഡ് ആപ്ലിക്കേഷൻ ലഭിച്ചത്," കപിൽ സിബൽ ചൂണ്ടിക്കാട്ടി. റിമാൻഡ് അഭിഭാഷകൻ ആണ് പുരകായസ്തയെ കോടതിയിൽ പ്രതിനിധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പുരകായസ്തയെ 24 മണിക്കൂറിനുള്ളിൽ ഹാജരാക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘത്തിന് അറിവുണ്ടായിരുന്നുവെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന് വേണ്ടി ഹാജരായ അഡിഷണൽ സോളോസിറ്റർ ജനറൽ എസ് വി രാജു വ്യക്തമാക്കി. നിയമസഹായ ഉപദേഷ്ടാവ് ഉണ്ടായിരുന്നതിൽ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിക്കേണ്ട കാര്യം ഇല്ല. എങ്കിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അറസ്റ്റിനുള്ള കാരണങ്ങൾ റിമാൻഡ് ആപ്ലിക്കേഷനിൽ വ്യക്തമാക്കിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ ആറരയോടെ സ്പെഷ്യൽ സെല്ലിന് തിരച്ചിൽ നടത്തണമായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തെ 6 മണിക്ക് ഹാജരാക്കിയതെന്നും എസ് വി രാജു കോടതിയെ അറിയിച്ചു.
എന്നാൽ റിമാൻഡ് ഓർഡർ പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ അറസ്റ്റിനുള്ള കാരണങ്ങൾ അറിയിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി." നിങ്ങൾ കുറ്റാരോപിതനെ അറസ്റ്റിനുള്ള കാരണങ്ങൾ കൃത്യമായി അറിയിച്ചില്ലെങ്കിൽ അവർക്കെങ്ങെനെ റിമാന്റിനെ എതിർക്കാനാവും. വിധിക്ക് ശേഷമാണ് പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റും നേരത്തെയുള്ള റിമാൻഡും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ തുടർന്നുള്ള റിമാൻഡ് ഓർഡറുകളുടെ നിയമസാധുതയും നഷ്ടപ്പെടും. 180 ദിവസത്തിനുള്ളിൽ കൃത്യമായ കുറ്റപത്രം സമർപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല," കോടതി വിമർശിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 1967 (യുഎപിഎ) കേസിൽ അറസ്റ്റ് ചെയ്തതിനെയും റിമാൻഡ് ചെയ്തതിനെയും ചോദ്യം ചെയ്തുകൊണ്ടുള്ള പുരകായസ്തയുടെ ഹർജി കോടതി വിധി പറയാൻ മാറ്റി. കഴിഞ്ഞ വർഷം ഒക്ടോബർ 3 നാണ് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.