ഡൽഹി അധികാരത്തർക്കം: വീണ്ടും സുപ്രീംകോടതി ഇടപെടൽ, വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അധ്യക്ഷന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടി
ഡൽഹി സർക്കാർ - ലഫ്റ്റനന്റ് ഗവർണർ പുതിയ തർക്ക വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽ. ഡൽഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അധ്യക്ഷന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സുപ്രീംകോടതി നീട്ടിവച്ചു. ജസ്റ്റിസ് ഉമേഷ് കുമാറിന്റെ സത്യപ്രതിജ്ഞയാണ് ജൂലൈ 11ലേക്ക് സുപ്രീംകോടതി നീട്ടിയത്. റെഗുലേറ്ററി കമ്മിഷൻ ചെയർമാന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെടാൻ ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയ്ക്കാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാനായി ജൂൺ 21നാണ് ജസ്റ്റിസ് ഉമേഷ് കുമാർ നിയമിതനായത്. എന്നാൽ നിയമനം ചോദ്യം ചെയ്ത് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിനോട് കൂടിയാലോചിക്കാതെയാണ് നിയമനമെന്നായിരുന്നു ഡൽഹി സർക്കാരിന്റെ വാദം. ഈ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവച്ചതിനൊപ്പം കേന്ദ്ര സർക്കാരിനും ലഫ്റ്റനന്റ് ഗവർണർക്കും കോടതി നോട്ടീസ് അയച്ചു. ഡൽഹി അധികാരത്തർക്കത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിലെ അധികാരമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം ജസ്റ്റിസ് ഉമേഷ് കുമാർ സത്യവാചകം ചൊല്ലി അധികാരമേറ്റെടുക്കേണ്ടത് ഇന്നായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സത്യവാചകം ചൊല്ലി കൊടുക്കാനാകില്ലെന്ന് ഡൽഹി ഊർജ മന്ത്രി അതിഷി മാർലെന അറിയിച്ചു. ചടങ്ങ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സുപ്രീംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ചയിലെ സത്യപ്രതിജ്ഞ ചടങ്ങും ഇനി നടക്കില്ല.