ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു  സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട

ജാതി അടിസ്ഥാനത്തില്‍ ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ജയില്‍ മാനുവലുകള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി
Updated on
2 min read

ജയിലുകളില്‍ തടവുകാര്‍ക്കു തൊഴില്‍ നല്‍കുന്നതിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം തടഞ്ഞ് സുപ്രീം കോടതി. ഇതുസംബന്ധിച്ച് നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. ജാതിയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്ന പല സംസ്ഥാനങ്ങളിലെയും ജയില്‍ മാന്വല്‍ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. ജയില്‍ രജിസ്റ്ററിലെ ജാതിക്കോളങ്ങള്‍ നിര്‍ബന്ധമായും ഇല്ലാതാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

പിന്നാക്ക ജാതിക്കാരായ തടവുകാര്‍ക്കു ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്കു പാചക ജോലിയും നല്‍കുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനവും ഭരണഘടനയുടെ അനുച്‌ഛേദം 15 ന്റെ ലംഘനവുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇംഗ്ലിഷ് ഓൺലൈൻ മാധ്യമമായ ദി വയറില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

സാധാരണ തടവുശിക്ഷയ്ക്കു ജയിലില്‍ കഴിയുന്നവര്‍ക്കു അവരുടെ ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ നിസ്സാര ജോലി നല്‍കേണ്ടതില്ലെന്ന യുപി ജയില്‍ മാന്വലിലെ വ്യവസ്ഥകളോട് കോടതി എതിര്‍പ്പ് രേഖപ്പെടുത്തി. ''ഒരു വിഭാഗവും തോട്ടിപ്പണിക്കാരായോ ചെറിയ ജോലികള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ പാചകം ചെയ്യാനറിയുന്നവരും പാചകം ചെയ്യാന്‍ അറിയാത്തവരോ ആയിട്ടല്ല ജനിക്കുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മറിച്ചു ചിന്തിക്കുന്നത് തൊട്ടുകൂടായ്മയുടെ വീക്ഷണമാണ്, അത് അനുവദിക്കാനാവില്ല,'' കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു  സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട
എഡിജിപി അജിത്കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

''തടവുകാരെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ജാതിവിവേചനം ശക്തിപ്പെടുത്തും... വേര്‍തിരിവ് പുനരധിവാസം സുഗമമാക്കില്ല.. തടവുകാര്‍ക്ക് അന്തസ്സ് നല്‍കാതിരിക്കുന്നത് കൊളോണിയല്‍ വ്യവസ്ഥയുടെ തിരുശേഷിപ്പാണ്. തടവുകാര്‍ക്കും അന്തസ്സിനുള്ള അവകാശമുണ്ട്. അവരോട് മനുഷ്യത്വപരമായും ദയയോടെയും പെരുമാറണം. തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കണം,'' വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജാതി അടിസ്ഥാനത്തില്‍ ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ജയില്‍ മാനുവലുകള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ മാതൃകാ ജയില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശിച്ചു.

സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള ജയില്‍ മാന്വലിലെ പരാമര്‍ശം അവരുടെ ജാതിയോ ഗോത്രമോ പരാമര്‍ശിക്കാതെ നിയമനിര്‍മാണ നിര്‍വചനങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ജയില്‍ രജിസ്റ്ററിലെ ജാതിക്കേകാളങ്ങള്‍ നിര്‍ബന്ധമായും ഇല്ലാതാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു  സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട
അഭിമുഖവേളയില്‍ ഇടനിലക്കാരന്റെ സാന്നിധ്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രി, 'ദ ഹിന്ദു'വിന്റേത് മാന്യമായ സമീപനം

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ജയിലുകളില്‍ നടക്കുന്ന വിവേചനപരമായ നടപടികള്‍ ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരി സുകന്യ ശാന്ത സുപ്രീംകോടതിയെ സമീപിച്ചത്. 1941-ലെ പഴയ ഉത്തര്‍പ്രദേശ് ജയില്‍ മാനുവല്‍ തടവുകാരുടെ ജാതി മുന്‍വിധികള്‍ നിലനിര്‍ത്തുന്നതിനും ജാതി അടിസ്ഥാനത്തില്‍ ശുചീകരണം, പരിപാലനം, തൂത്തുവാരല്‍ ജോലികള്‍ എന്നിവ നല്‍കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

യുപിയിൽ 2022-ല്‍, മാതൃക മാന്വലുമായി യോജിപ്പിച്ച് ഭേദഗതികള്‍ വരുത്തുകയും ജാതി അടിസ്ഥാനത്തില്‍ ജോലി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിട്ടും 2022 ലെ മാനുവല്‍, ജാതി മുന്‍വിധി നിലനിര്‍ത്തുന്നതും സ്ഥിരം കുറ്റവാളികളെ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം ശരിവെക്കുന്നതു തുടര്‍ന്നുവെന്നു ഹർജിക്കാരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ്, ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ 13 പ്രധാന സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലിലെ സമാനമായ വിവേചന നിയമങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു  സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട
'തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിത കുത്സിത ശ്രമം; പ്രത്യേക ത്രിതല അന്വേഷണം, എഡിജിപി അജിത് കുമാറിന്റെ പങ്ക് പോലീസ് മേധാവി അന്വേഷിക്കും'

വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് ഹര്‍ജിക്കാരിയെ കോടതി അഭിനന്ദിച്ചു. ഇത് 'മനോഹരമായി ഗവേഷണം ചെയ്ത ഹര്‍ജി'യാണെന്നും വിഷയം ഫലപ്രദമായി വാദിച്ചതിന് അഭിഭാഷകരെ അഭിനന്ദിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

''സുകന്യ ശാന്ത മാഡം... നന്നായി എഴുതിയതിന് നന്ദി. ഇത് പൗരന്മാരുടെ ശക്തിയെ ഉയര്‍ത്തിക്കാട്ടുന്നു. അവര്‍ മികച്ചരീതിയില്‍ ഗവേഷണം ചെയ്ത് ലേഖനങ്ങളെഴുതുകയും ഈ കോടതിയിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്യുന്നു,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in