'നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും'; മണിപ്പൂർ വിഷയത്തില്‍ സർക്കാരുകൾക്ക് താക്കീതുമായി സുപ്രീംകോടതി

'നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും'; മണിപ്പൂർ വിഷയത്തില്‍ സർക്കാരുകൾക്ക് താക്കീതുമായി സുപ്രീംകോടതി

സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണം ഭരണഘടനയുടെ ദയനീയ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദചൂഡ്
Updated on
1 min read

മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. നടപടിയെടുക്കാന്‍ സര്‍ക്കാരിന് കുറച്ച് സമയം കൊടുക്കുകയാണെന്നും, ഇല്ലെങ്കില്‍ കോടതി നേരിട്ട് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്ത വീഡിയോ കണ്ട് അസ്വസ്ഥരാണെന്ന് പറഞ്ഞ കോടതി സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഭരണഘടനയുടെ ദയനീയ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഡി വൈ ചന്ദചൂഡ് പറഞ്ഞു. സംഭവത്തില്‍, വീഡിയോ തെളിവാക്കി സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.

'നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും'; മണിപ്പൂർ വിഷയത്തില്‍ സർക്കാരുകൾക്ക് താക്കീതുമായി സുപ്രീംകോടതി
ഒടുവില്‍ മൗനംവെടിഞ്ഞ് മോദി; 'മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല'

''ഞങ്ങള്‍ സര്‍ക്കാരിന് കുറച്ച് സമയം നല്‍കും, ഈ കാര്യത്തില്‍ അവര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും. സര്‍ക്കാര്‍ കാര്യമായി ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണ് ഇത്, ഭരണഘടനാപരമായി ഇത് അസ്വീകാര്യമാണ്,'' ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സാമുദായിക സംഘര്‍ഷത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണെന്നും ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജൂലൈ 28 ന് വിഷയം വീണ്ടും പരിഗണിക്കും.

സാമുദായിക സംഘര്‍ഷത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണെന്നും ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്നും ഡി വൈ ചന്ദ്രചൂഡ്

രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് അതിക്രൂരമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. മെയ് നാലിന് കുക്കി വിഭാഗത്തിപ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. തൗബാലിലെ മെയ്തി ആധിപത്യമുള്ള താഴ്വര ജില്ലയിലാണ് സംഭവം.

സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം.

logo
The Fourth
www.thefourthnews.in