സുപ്രീം കോടതി
സുപ്രീം കോടതി

'കഴമ്പില്ലാത്ത ആവശ്യം, പാഴാക്കാൻ സമയമില്ല,'; ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

എങ്ങനെയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാനാകുന്നത്. പൂര്‍ണ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നാണോ നിങ്ങളുടെ ആവശ്യമെന്നും കോടതി ആരാഞ്ഞു
Updated on
1 min read

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്‌ററി സംപ്രേഷണം ചെയ്തതിന് ഇന്ത്യയില്‍ ബിബിസി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിലക്കേര്‍പ്പടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി രണ്ടംഗബെഞ്ച് തള്ളിയത്. ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതിക്ക് സെസര്‍ഷിപ്പ് ഏര്‍പ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും എം എം സുന്ദരേശും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണോ ആവശ്യമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പിങ്കി ആനന്ദിനോട് കോടതി ആരാഞ്ഞു. ''തികച്ചും തെറ്റിദ്ധാരണാജനകമായ ഹര്‍ജിയാണിത്. എങ്ങനെയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാനാകുന്നത്. പൂര്‍ണ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നാണോ നിങ്ങളുടെ ആവശ്യം. എന്താണിത്? ''കോടതി ചോദിച്ചു. കഴമ്പില്ലാത്ത ഹര്‍ജിയെന്നും കൂടുതല്‍ സമയം കളയാനില്ലെന്നും പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്.

സുപ്രീം കോടതി
ബിബിസി ഡോക്യുമെൻ്ററി തടഞ്ഞ സംഭവം; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഇന്ത്യ 'ദ മോദി ക്വസ്റ്റന്‍' എന്ന ബിബിസിയുടെ ഡോക്യുമെന്‌ററി വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്കിനെ കുറിച്ചടക്കം വിശദീകരിക്കുന്നതാണ് ഡോക്യുമെന്ററി. ഇന്ത്യയില്‍ രാജ്യ വിരുദ്ധ മനോഭാവം വളര്‍ത്താന്‍ ശ്രമിക്കുകയാണ് ബിബിസി എന്ന ആരോപണമുയര്‍ത്തികൊണ്ടാണ് ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണുഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.

ഡോക്യുമെന്ററിയുടെ സംപ്രേഷണം സര്‍ക്കാര്‍ നേരത്തെ തടഞ്ഞിരുന്നു. ജനുവരി 21 നാണ് വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യുട്യൂബ്, ട്വിറ്റര്‍ എന്നിവയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഐടി റൂള്‍സ് 2021 ന് കീഴിലുള്ള അടിയന്തര വ്യവസ്ഥകള്‍ ഉപയോഗിച്ചായിരുന്നു ലിങ്കുകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എംഎല്‍ ശര്‍മ എന്നിവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് സുപ്രീകോടതിയുടെ പരിഗണനയിലാണ്.

logo
The Fourth
www.thefourthnews.in