ഡി വൈ ചന്ദ്രചൂഡ്
ഡി വൈ ചന്ദ്രചൂഡ്

'പരാതികള്‍ തെറ്റിദ്ധരിപ്പിക്കുന്നത്'; ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ചന്ദ്രചൂഡിനെതിരെ റാഷിദ് ഖാന്‍ പത്താന്‍ എന്നയാള്‍ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി
Updated on
1 min read

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ബെലാ എം ത്രിവേദി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് ചന്ദ്രചൂഡിന് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ മുര്‍സലിന്‍ അസിജിത്ത് ഷെയ്ഖാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് യു യു ലളിത് വാദം കേള്‍ക്കുന്നതിനെ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ജസ്റ്റിസ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ലളിതായിരുന്നുവെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം എന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് കേസ് കേള്‍ക്കുകയായിരുന്നു. പിന്നീട്, പരാതികള്‍ എല്ലാം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ റാഷിദ് ഖാന്‍ പത്താന്‍ എന്നയാള്‍ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഭിഭാഷകൻ കൂടിയായ മകൻ അഭിനവിന്റെ കക്ഷിക്ക്‌ അനുകൂലമായ രീതിയിൽ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ വിധി പുറപ്പെടുവിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം. പരാതി സാമൂഹ്യ മാധ്യമങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വൈറലായതിനെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വിവിധ ബാര്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ശക്തമായ നടപടി വേണമെന്നായിരുന്നു ബാര്‍ അസോസിയേഷനുകളുടെ ആവശ്യം.

നവംബര്‍ ഒന്‍പതിനാണ് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുക. 2024 നവംബര്‍ 10 വരെയാകും അദ്ദേഹത്തിന്റെ കാലാവധി.

logo
The Fourth
www.thefourthnews.in