'പറഞ്ഞ തീയതിയിൽ ഹാജരാകണം'; കീഴടങ്ങാൻ സമയം നീട്ടണമെന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി
ബിൽക്കിസ് ബാനു കേസിലെ പ്രതികൾ മറ്റന്നാൾ തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന മൂന്ന് പ്രതികളുടെ ആവശ്യമാണ് കോടതി തള്ളിയത്. ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയ കോടതി, ജനുവരി 21നുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജയിലധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ സമർപ്പിച്ച ഒന്നിലധികം അപേക്ഷകൾ ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഹാജരാകുന്നത് നീട്ടിവെക്കാനും ജയിലിൽ തിരികെ റിപ്പോർട്ട് ചെയ്യുന്നത് വൈകിപ്പിക്കാനും പ്രതികൾ ഉദ്ധരിച്ച കാരണങ്ങൾ തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി.
1992 ലെ റിമിഷൻ പോളിസി പ്രകാരം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ 2022 ഓഗസ്റ്റിലാണ് ഗുജറാത്ത് ഭരണകൂടം ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്ന തടവുകാരെ വിട്ടയച്ചത്. എന്നാൽ മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസ് ആയിരുന്നതിനാൽ ഇളവ് നൽകാൻ ഗുജറാത്ത് സംസ്ഥാനത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയ്ക്കുകയായിരുന്നു.