വിക്ടോറിയ ഗൗരി
നിയമന കേസ്
വിക്ടോറിയ ഗൗരി നിയമന കേസ്

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീ.ജഡ്ജി; നിയമനത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു
Updated on
1 min read

മദ്രാസ് ഹൈക്കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്ത വിക്ടോറിയ ഗൗരിയുടെ നിയമനം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ് എന്നിവരുടെ ബെഞ്ചാണ് ചൊവ്വാഴ്ച രാവിലെ വാദം കേട്ടത്. കൊളീജിയത്തോട് നിർദേശങ്ങൾ നൽകാൻ തങ്ങൾക്കാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ആദ്യം ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അഭിഭാഷകരായ അന്നാ മാത്യൂസ്, സുധാ രാമലിംഗം, ഡി നാഗശില എന്നിവരാണ് കോടതിയില്‍ റിട്ട് ഹർജി സമർപ്പിച്ചത്.

വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലമല്ല, വിദ്വേഷപരമായ പരാമർശങ്ങളാണ് നിയമനം റദ്ദാക്കാനുള്ള കാരണമായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. നിയമന വിഷയത്തിൽ പരിഗണിക്കേണ്ടത് വിക്ടോറിയ ഗൗരി പദവിക്ക് അനുയോജ്യയാണോ എന്നതല്ല യോഗ്യതയുണ്ടോ എന്നതാണ്. വിക്ടോറിയ ഗൗരിയുടെ വിദ്വേഷ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

യോഗ്യതയുടെ പ്രശ്നമായി മാത്രം ഈ വിഷയത്തെ കാണാനാകില്ലെന്നും പദവിക്ക് അനുയോജ്യമാണോ എന്നതും മുഖ്യമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. കൊളീജിയം നിയമനത്തിനുള്ള ശുപാർശ നൽകുന്നത് ഹൈക്കോടതികളോട് കൂടി സംസാരിച്ച ശേഷമാണ്. ഹൈക്കോടതിക്കും വിക്ടോറിയ ഗൗരി നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച്‌ അറിയില്ലെന്ന് കരുതാനാകുമോ എന്നും കോടതി ചോദിച്ചു. വിക്ടോറിയ ഗൗരിയുടെ പേരിൽ ബാർ കൗൺസിലിൽ യാതൊരു പരാതിയും നിലവിലില്ലെന്ന് കൗൺസിൽ ചെയർമാൻ അധ്യക്ഷനായ മനൻ കുമാർ മിശ്ര കോടതിയിൽ ബോധിപ്പിച്ചു.

ജഡ്ജിയുടെ രാഷ്ട്രീയ പശ്ചാത്തലം നിയമന വിഷയത്തിൽ തടസമല്ലെന്നും എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്നും ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. രാഷ്ട്രീയ പശ്ചാത്തലമല്ല, വിദ്വേഷ പരാമർശങ്ങൾ മാത്രമാണ് വിഷയമെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി.

രാവിലെ 9.30ന് ഹർജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് 10 .30 ലേക്ക് മാറ്റുകയായിരുന്നു. വാദം ആരംഭിച്ചപ്പോഴേക്കും വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ ചടങ്ങും ആരംഭിച്ചിരുന്നു. വാദം അവസാനിക്കും മുൻപ് തന്നെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു

logo
The Fourth
www.thefourthnews.in