പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; പവന്‍ ഖേരയുടെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഇടക്കാലജാമ്യം നീട്ടി സുപ്രീംകോടതി. മാർച്ച് 3ന് കേസ് പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അസം, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കൂടുതല്‍ സമയം തേടിയതോടെയാണ് പവൻ ഖേരയുടെ ഇടക്കാല ജാമ്യം സുപ്രീംകോടതി വെള്ളിയാഴ്ച വരെ നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അസമില്‍ ഒരു കേസും ഉത്തര്‍ പ്രദേശില്‍ രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.
ഫെബ്രുവരി 17ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരായ പവൻ ഖേരയുടെ പരാമർശം. തുടർന്ന് കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സെഷനില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നാടകീയ സംഭവങ്ങളായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ അരങ്ങേറിയത്. പവൻ ഖേരയെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിയ്ക്കുകയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്‍വിയാണ് സുപ്രീംകോടതിയില്‍ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായത്. ഖേരയുടെ പരാമര്‍ശം നാക്കുപിഴയാണെന്ന് അഭിഷേക് മനു സിങ്‍വി കോടതിയില്‍ വാദിച്ചിരുന്നു. സംഭവത്തില്‍ ഖേര ക്ഷമാപണം നടത്തിയതായും പവൻ ഖേര കോടതിയെ അറിയിച്ചിരുന്നു.
വാർത്താ സമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പേര്, നരേന്ദ്ര ഗൗതം ദാസ് എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. "നരസിംഹ റാവുവിന് ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) രൂപീകരിക്കാൻ കഴിയുമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, നരേന്ദ്ര ഗൗതം ദാസ് - ക്ഷമിക്കണം, ദാമോദർ ദാസ് മോദിക്ക് എന്താണ് പ്രശ്നം" എന്നായിരുന്നു പരാമര്‍ശം.