മഅദനിക്ക് കേരളത്തിലേക്ക് പോകാം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി
ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുല്‍ നാസർ മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. അസുഖ ബാധിതനായ പിതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകാനാണ് സുപ്രീംകോടതിഅനുമതി നല്‍കിയത്. ജന്മനാട്ടില്‍ ഒരു മാസം തങ്ങാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ പോകാനുള്ള അനുമതി നിഷേധിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അതേസമയം, അബ്ദുല്‍ നാസർ മഅദനിക്ക് മൂന്ന് മാസത്തേയ്ക്കാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതെന്ന് മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കേരളത്തിലെത്തുന്ന മഅദനിക്ക് കര്‍ണാടക പോലീസും കേരള പോലീസും ചേർന്ന് സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ജൂലെെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയായിരുന്ന മഅദനി രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീംകോടതിയെ സമീപിച്ചത്.
ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅദനി കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു. പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും പിതാവിനെ കാണാൻ അവസരം നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
മഅദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യമെന്തെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തേ ചോദിച്ചിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി മഅദനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അജയ് റസ്ത്തോഗി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
ഗുരുതരമായ കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. അന്തിമ വിചാരണയ്ക്ക് 5 മാസം കൂടിയേ എടുക്കൂ എന്നും കർണാടക സർക്കാർ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂർത്തിയാക്കിക്കൂടെയെന്നു ചോദ്യവും ഉന്നയിച്ചിരുന്നു.