ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

2022 നവംബറിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് സുപ്രീംകോടതി അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു
Updated on
1 min read

ഭീമാ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി വിചാരണത്തടവിൽ കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എൻഐഎയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്.

യുഎപിഎയുടെ 15-ാം വകുപ്പ് പ്രകാരം നവ്ലാഖ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് അനുമാനിക്കാന്‍ കഴിയുന്ന തെളിവുകളൊന്നുമില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. നവ്ലാഖ നാല് വര്‍ഷത്തിലേറെയായി തടവിലാണെന്നും വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും സുപ്രീംകോടതി ചൊവ്വാഴ്ച നടത്തിയ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തിയിട്ടില്ലെന്ന പ്രസക്ത ഘടകങ്ങളും കോടതി പരിഗണിച്ചു.

ഭീമ കൊറേഗാവ്‌ കേസിൽ കുറ്റാരോപിതരായ 16 പേരിൽ ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ഏപ്രിൽ പതിനാലിനാണ് നവ്‌ലാഖ അറസ്റ്റിലാകുന്നത്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ്‌ ഗ്രാമത്തിൽ ഉണ്ടായ അക്രമണസംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്‌ലാഖ ജയില്‍ മോചിതന്‍; ഇനി വീട്ടുതടങ്കലില്‍

നവ്‌ലാഖയെ ആരോഗ്യസ്ഥിതി പരിഗണിച്ച് വീട്ടുതടങ്കലിലേക്ക് മാറ്റാൻ 2022 നവംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് മുംബൈയിലെ സിപിഎം നിയന്ത്രണത്തിലുള്ള പബ്ലിക് ലൈബ്രറിയുടെ ഭാഗമായ കെട്ടിടത്തിൽ വീട്ടുതടങ്കലിലാണ് നവ്‌ലാഖ. ചികിത്സാവശ്യാർഥം വീട്ടുതടങ്കൽ അനുവദിക്കണമെന്ന നവ്‌ലാഖയുടെ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. വീട്ടുതടങ്കലിനുള്ള സുരക്ഷാച്ചെലവായി എൻഐഎ ആവശ്യപ്പെട്ട 1.64 കോടി രൂപ നൽകാൻ സുപ്രീംകോടതി നവ്‌ലാഖയോട് അടുത്തിടെ നിർദേശിച്ചിരുന്നു.

ഗൗതം നവ്‌ലാഖയ്ക്ക് കഴിഞ്ഞ ഡിസംബറിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ എൻഐഎ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉത്തരവ് മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിലാണ് ചൊവ്വാഴ്ച കോടതി വിധി പറഞ്ഞത്.

ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ഗൗതം നവ്ലാഖ. സുധ ഭരദ്വാജിന് 2021ല്‍ സ്ഥിര ജാമ്യം ലഭിച്ചപ്പോള്‍ ആനന്ദ് തെല്‍തുംബ്‌ഡെയ്ക്ക് 2022ലും വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷവും ജാമ്യം ലഭിച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ വരവര റാവുവിനും കോടതി ജാമ്യം അനുവദിച്ചു. പ്രൊഫസര്‍ ഷോമ സെന്നിന് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം നല്‍കിയിരുന്നു. മഹേഷ് റാവുത്തിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവുകള്‍ ഹൈക്കോടതി തന്നെ സ്റ്റേ ചെയ്യുകയും സുപ്രീംകോടതി സ്റ്റേ ഉത്തരവ് നീട്ടുകയും ചെയ്തിരിക്കുകയാണ്. മറ്റൊരു കുറ്റാരോപിതൻ ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ കഴിയവെ 2021ല്‍ ജൂലൈയില്‍ മരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in