മനീഷ് സിസോദിയ
മനീഷ് സിസോദിയ

ഡൽഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയക്ക് ജാമ്യം, നടപടി വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ച്

പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലിൽ നിർത്തുന്നത് മൗലികാവകാശ ലംഘനമെന്ന് സുപ്രീംകോടതി
Updated on
2 min read

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് 18 മാസങ്ങൾക്ക് ശേഷമാണ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലിൽ നിർത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

സിസോദിയയെ 2023 ഫെബ്രുവരി 26 നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടാഴ്ചക്ക് ശേഷം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസിലും മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം നൽകിയിട്ടുണ്ട്.

മനീഷ് സിസോദിയക്ക് വേഗത്തിലുള്ള വിചാരണക്ക് അർഹതയുണ്ടന്നും, ഇനിയും ജയിലേക്കയക്കുന്നത് അദ്ദേഹത്തെക്കൊണ്ട് പാമ്പും കോണിയും കളിപ്പിക്കുന്നത് പോലെയാണെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവർ ചൂണ്ടിക്കാട്ടി.

"18 മാസത്തെ തടവ്... വിചാരണ പോലും ആരംഭിച്ചിട്ടില്ല, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം അപ്പീൽക്കാരന് നഷ്ടപ്പെട്ടിരിക്കുന്നു," ജസ്റ്റിസ് ഗവായ് പറഞ്ഞു. "വിചാരണക്കോടതിയും ഹൈക്കോടതിയും ഇതിന് അർഹമായ വെയിറ്റേജ് നൽകണം. ശിക്ഷയായി ജാമ്യം തടഞ്ഞുവയ്ക്കേണ്ടതില്ലെന്ന് കോടതികൾ മറന്നു. തത്ത്വ ജാമ്യം നിയമമാണ്....." നീണ്ട തടവ് കാലയളവ് തടവിൽ വെച്ചത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

" പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലിൽ നിർത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കുന്നതാണ്. ഹർജിക്കാരൻ സമൂഹത്തിൽ ആഴത്തിൽ വേരുകൾ ഉണ്ട്. അദ്ദേഹം രക്ഷപ്പെടുമെന്ന ആശങ്ക വേണ്ട. എന്തായാലും വ്യവസ്ഥകൾ ചുമത്താം," കോടതി പറഞ്ഞു.

ഇ ഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾ കേസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചില നിർണ്ണായക നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട്. " ഈ കേസിൽ 493 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സമീപകാല ഭാവിയിൽ മനീഷ് സിസോദിയയുടെ വിചാരണ അവസാനിക്കാനുള്ള സാധ്യതയില്ല" കോടതി വ്യക്തമാക്കി.

2021ല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന പുതിയ മദ്യനയമാണ് കേസിനാധാരം. പുലര്‍ച്ചെ മൂന്ന് മണിവരെ കടകള്‍ തുറക്കാം, മദ്യത്തിന്‌റെ ഹോം ഡെലിവറി തുടങ്ങി നിരവധി നയമാറ്റങ്ങള്‍ ഇതിലുണ്ടായി. വ്യാജമദ്യം ഇല്ലാത്താക്കുക, കരിഞ്ചന്ത ഒഴിവാക്കുക ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക വരുമാനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സര്‍ക്കാരിന്‌റെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറി സ്വകാര്യ മേഖലയെ സഹായിക്കുന്ന മദ്യനയം, കോഴവാങ്ങി നടപ്പാക്കിയതെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.

സ്വകാര്യ കമ്പനികള്‍ നയരൂപീകരണത്തില്‍ പങ്കാളിയായെന്നും ഇതിന് അധികൃതര്‍ കോഴ വാങ്ങിയെന്നുമാണ് സിബിഐയുടെ വാദം. പുതിയ മദ്യനയ നടപ്പാക്കിയിരുന്നെങ്കില്‍ 12 ശതമാനം ലാഭം സ്വകാര്യ കമ്പനികള്‍ക്ക് അധികമായി ലഭിച്ചേനെ എന്നും അതില്‍ പകുതി രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയേനേ എന്നുമാണ് സിബിഐ കണ്ടെത്തല്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഷേക് ബോനിപ്പള്ളി എന്ന വ്യവസായിയാണ് ഇതിന് ഇടനിലക്കാരനെന്നും സിബിഐ പറയുന്നു. സിബിഐയ്ക്ക് പുറമേ ഇടപാടിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇ ഡിയും കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in