മഅദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യമെന്ത്? കർണാടക സർക്കാരിനോട് സുപ്രീംകോടതി

മഅദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യമെന്ത്? കർണാടക സർക്കാരിനോട് സുപ്രീംകോടതി

ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി.
Updated on
1 min read

ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യമെന്തെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത്തരം ഒരു ചോദ്യം ഉന്നയിച്ചത്. വിചാരണയുടെ അന്തിമവാദം മാത്രം ബാക്കി നില്‍ക്കെ മഅദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യകതയെന്താണെന്നായിരുന്നു ജസ്റ്റിസ് അജയ് റസ്ത്തോഗി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി.

ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടായിരുന്നു കേരളത്തിലേക്ക് മടങ്ങി പോകുന്നതടക്കമുള്ള ഇളവുകള്‍ തേടി മഅദനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകണമെന്നും, ആവശ്യപ്പെടുന്ന സമയത്ത് ബെംഗളൂരുവിലെത്താമെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി കര്‍ണാടക സര്‍ക്കാരിനോട് നിലപാട് തേടിയത്.

നാളിതുവരെ മഅദനി ജാമ്യവ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് വ്യക്തമാക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിനല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ് മഅദനി നൽകിയ ഹർജി ഏപ്രില്‍ 13ലേക്ക് സുപ്രീം കോടതി മാറ്റിവെയ്ക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് മഅദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅദനിക്കെതിരെ വിചാരണ നടക്കുന്നത്. കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം. പക്ഷാഘാതത്തിന്റെ തുടര്‍ച്ചയായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മഅദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് എം ആർ ഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇന്റേണൽ കരോട്ടിട് ആർട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും കണ്ടെത്തി. അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങീ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നുമായിരുന്നു ഡോക്ടറുമാരുടെ നിർദേശം.

logo
The Fourth
www.thefourthnews.in