സുപ്രീംകോടതി
സുപ്രീംകോടതി

'രാജ്യം എങ്ങോട്ടാണ് പോകുന്നത്?', മാധ്യമങ്ങളിലെ വിദ്വേഷ പരാമര്‍ശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

വിദ്വേഷകരമായ കാര്യങ്ങള്‍ പ്രചരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവതാരകരുടെ കടമയാണെന്നും സുപ്രീംകോടതി
Updated on
1 min read

മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മൂക സാക്ഷിയാവുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് വാര്‍ത്ത ചാനലുകള്‍ വേദിയൊരുക്കുന്ന സാഹചര്യം ഉണ്ടെന്ന വിമര്‍ശനവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. മാധ്യമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. ചാനലുകളില്‍ കൂടി ഉണ്ടാവുന്ന പരാമര്‍ശങ്ങള്‍ തടയാന്‍ അവതാരകര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി.

മുഖ്യധാര മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും വിദ്വേഷ പരാമര്‍ശങ്ങള്‍ അനിയന്ത്രതമാണെന്ന് കോടതി

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് കെ എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണങ്ങള്‍. സുദര്‍ശന്‍ ന്യൂസ് ടിവി സംപ്രേഷണം ചെയ്ത ഷോയിലെ 'യുപിഎസ്സി ജിഹാദ്' പാരമര്‍ശം, ധരം സന്‍സദ് യോഗങ്ങളില്‍ ഉയര്‍ന്ന വിദ്വേഷ പ്രസംഗങ്ങള്‍ എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളായിരുന്നു സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നത്.

എവിടെയാണ് നിയന്ത്രണം വേണ്ടത് എന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടാകണം

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നതെന്ന് ചോദിച്ച കോടതി, മുഖ്യധാര മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലുമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അനിയന്ത്രതമാണെന്നും ചൂണ്ടിക്കാട്ടി. പത്ര സ്വാതന്ത്യം പ്രധാനമാണെന്ന് പറഞ്ഞ കോടതി, എവിടെയാണ് നിയന്ത്രണം വേണ്ടത് എന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടാവണമെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ക്കെതിരെ സര്‍ക്കാരുകള്‍ വിപരീത നിലപാട് സ്വീകരിക്കരുതെന്നും, കോടതിയെ സഹായിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

'കൊലപാതകം പോലെയാണ് വിദ്വേഷ പരാമര്‍ശങ്ങള്‍. ഇത് പലവിധത്തില്‍ നടപ്പിലാക്കാന്‍ കഴിയും. സാവധാനത്തിലും, മറ്റ് വിധേനെയും. ആളുകളുടെ ബോധ്യങ്ങളെ ബാധിക്കുന്ന തലത്തിലായിരിക്കും വിദ്വേഷം പ്രചാരണങ്ങള്‍ സ്വാധീനിക്കപ്പെടുക' എന്നും കോടതി ചൂണ്ടിക്കാട്ടി.

വിഷയം നവംബര്‍ 23 ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

വിദ്വേഷ പ്രസംഗം തടയുന്നതുമായി ബന്ധപ്പെട്ട നിയമ കമ്മീഷന്‍ ശുപാര്‍ശകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സര്‍ക്കാരിന് എതിരെ തിരിഞ്ഞത്. പിന്നാലെയായിരുന്നു എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം 2017 ല്‍ കേന്ദ്രം സര്‍ക്കാറിന് മുന്നില്‍ നിയമ കമ്മീഷന്‍ ചില ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ എന്ത് നടപടി സ്വീകരിച്ചു എന്നും കോടതി ആരാഞ്ഞു.

വിദ്വേഷ പ്രചാരണം ഒരു ചെറിയ കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കരുത്. കോടതിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാവണമെന്നും രണ്ടംഗ ബെഞ്ച് ആശ്യപ്പെട്ടു. വിഷയം നവംബര്‍ 23 ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

logo
The Fourth
www.thefourthnews.in