പെരിയാറിലെ മെഗാ കാർ പാർക്കിങ് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലാണോ എന്ന് പരിശോധിക്കണം; സർവേക്ക് ഉത്തരവിട്ട് സുപ്രീം കോടതി
കേരളം നിര്‍മിച്ച പെരിയാറിലെ മെഗാ കാർ പാർക്കിങ് പ്രൊജക്റ്റ് തമിഴ്‌നാടിന്റെ പ്രദേശത്താണോ എന്നറിയാൻ സർവേക്ക് ഉത്തരവിട്ട് സുപ്രീം കോടതി. 1886 ലെ മുല്ലപ്പെരിയാർ കരാർ ലംഘിച്ചാണോ കാർ പാർക്കിങ് നിർമ്മാണം നടത്തിയതെന്ന് പരിശോധിക്കാനാണ് ഉത്തരവ്. മൂന്ന് മാസത്തെ സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർവേ ഓഫ് ഇന്ത്യയോട് കോടതി വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം പരിശോധന.
സർവേയ്ക്ക് സമ്മതം അറിയിച്ച് ഇരു സംസ്ഥാനങ്ങളും സത്യവാങ്മൂലം സമർപ്പിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിനെതിരെ തമിഴ്‌നാട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. ജിപിഎസ്, ടോട്ടൽ സ്റ്റേഷൻ, ഡിജിറ്റൽ ലൈവിങ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തേണ്ടത്. ആരോപണങ്ങളോ അവ്യക്തതകളോ ഇല്ലാതെ വ്യക്തമായ അളവുകോലുകളുടെ അടിസ്ഥാനത്തിൽ സർവേ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അടുത്ത വർഷം മാർച്ചിലാണ് കേസ് വീണ്ടും പരിഗണിക്കുക.
പെരിയാർ വന്യ ജീവി സങ്കേതത്തോട് അനുബന്ധിച്ച് സഞ്ചാരികളുടെ കാർ പാർക്ക് ചെയ്യാൻ മെഗാ കാർ പാർക്കിങ് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ 2014 ലാണ് തമിഴ്‌നാട് സർക്കാർ ചോദ്യം ചെയ്തത്. 1886 ലെ മുല്ലപ്പെരിയാർ കരാർ പ്രകാരം തങ്ങൾക്ക് ലഭിച്ച പാട്ടഭൂമിയിലാണ് കാർ പാർക്കിങ് ഉള്ളത് എന്നായിരുന്നു തമിഴ്‌നാടിന്റെ ആരോപണം. എന്നാൽ സ്വന്തം ഭൂമിയിലാണ് കാർ പാർക്കിങ് എന്നാണ് കേരളം വ്യക്തമാക്കിയത്. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) പെരിയാർ കടുവാ സങ്കേതത്തിലെ വിവിധ നിർമാണ പദ്ധതികളുമായി മുന്നോട്ടുപോകാൻ കേരളത്തിന് അനുമതി നൽകിയതോടെ സംഘർഷം രൂക്ഷമായി. തമിഴ്‌നാട് കേരളത്തിനെതിരെ കോടതിയെ സമീപിച്ചു.
2017 മുതൽ തർക്കത്തിൽ തീർപ്പുണ്ടാക്കാൻ വിവിധ തരത്തിലുള്ള ശ്രമങ്ങൾ നടന്ന പോരുകയാണ്. നേരത്തെ വിഷയത്തിൽ വ്യക്തമായ തീർപ്പുണ്ടാക്കാനായി സുപ്രീം കോടതി ഇരു സംസ്ഥാനങ്ങൾക്കും ആറാഴ്ചത്തെ സമയം നൽകിയിരുന്നു. വിഷയത്തിൽ ചർച്ചകൾ നടത്തി വ്യക്തമായ തീർപ്പിൽ എത്താനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല. തുടർന്നാണ് വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയത്.
1886-ൽ പഴയ തിരുവിതാംകൂർ നാട്ടുരാജ്യവും മദ്രാസ് പ്രസിഡൻസിയും തമ്മിലാണ് പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ചത്. ഇത് പ്രകാരം തിരുവിതാംകൂറിന്റെ ചില ഭാഗങ്ങൾ ബ്രിട്ടീഷ് പ്രസിഡൻസിക്ക് പാട്ടത്തിന് നൽകിയിരുന്നു.