ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചെന്ന് സുപ്രീംകോടതി

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി
Updated on
2 min read

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരച്ചടി. ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതായുള്ള വരണാധികാരിയുടെ പ്രഖ്യാപനം സുപ്രീംകോടതി റദ്ദാക്കി. എഎപി-കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. കുല്‍ദീപ് കുമാറിന് 20 വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 16 വോട്ടും ലഭിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. വരണാധികാരി അനില്‍ മസീഹ് അസാധുവായി പ്രഖ്യാപിച്ച എട്ടു വോട്ടുകള്‍ സാധുവാക്കി കണക്കാക്കിയാണ് സുപ്രീംകോടതി, എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പരിദ്‌വാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. എട്ട് വോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചതിന് വരാണാധികാരിയുടെ വിശദീകരണം തള്ളിക്കൊണ്ടാണ് കോടതി വിധി.

''വരാണാധികാരിയുടെ അടയാളപ്പെടുത്തലുകള്‍ കാരണം അസാധുവായി കണക്കാക്കിയ എട്ടു വോട്ടുകള്‍ കൂടി എണ്ണിയാല്‍, ഹര്‍ജിക്കാരന് (കുല്‍ദീപ് കുമാര്‍) ഇരുപത് വോട്ടുകള്‍ ലഭിക്കും. വരണാധികാരി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ ഞങ്ങള്‍ ഉത്തരവിടുന്നു. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നു'', ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

മേയര്‍ തിരഞ്ഞെടുപ്പ് മസീഹ് നിയമവിരുദ്ധമായി അട്ടിമറിച്ചുവെന്നും കോടതി നിരീക്ഷിച്ചു. സിആര്‍പിസി സെക്ഷന്‍ 340 പ്രകാരം മസീഹിന് എതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ജുഡീഷ്യല്‍ രജിസ്ട്രാര്‍ കാരണം ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 വോട്ടും ആം ആദ്മി പാര്‍ട്ടിക്ക് 12 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസും ആം ആദ്മിയും ചേര്‍ന്നാണ് ബിജെപിക്കെതിരേ മത്സരിച്ചത്. കോണ്‍ഗ്രസ്-എഎപി സഖ്യത്തിന് 20 പേരുടെയും ബിജെപിക്ക് 15 പേരുടെയും പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തില്‍ എഎപി-കോണ്‍ഗ്രസ്- സഖ്യം വിജയിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ സഖ്യത്തിന്റെ എട്ടു വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ അസാധുവാക്കപ്പെട്ട വോട്ടുകളില്‍ വരണാധികാരി ഗുണന ചിഹ്നം ഇട്ടതായി തെളിയുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ ഇതിന്റെ ദൃശ്യം പതിയുകയും ചെയ്തിരുന്നു.

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചെന്ന് സുപ്രീംകോടതി
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി

ബാലറ്റില്‍ ഗുണനചിഹ്നം ഇട്ടതായി മസീഹ് ഇന്നലെ സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ വിചാരണ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരി തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തില്‍ നിന്നു മൂന്നു പേര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ഈ സാഹചര്യത്തില്‍ മേയര്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി പക്ഷം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കുതിരക്കച്ചവടം ഗൗരമായ കുറ്റമാണെന്നു പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ് ആവശ്യം നിരാകരിച്ചു.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറിനെക്കൊണ്ട് വീണ്ടും വോട്ടെണ്ണിക്കാന്‍ നിര്‍ദേശിച്ച ബെഞ്ച് പിന്നീട് ബാലറ്റ് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലറ്റ് നേരിട്ട് പരിശോധിച്ച ശേഷമാണ് എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുപ്രീംകോടതി വിജയിയായി പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in